ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ വാനോളം പുകഴ്ത്തി പരിശീലകന്‍ സഞ്ജയ് ബാംഗര്‍

single-img
9 March 2019

സെഞ്ച്വറിയടിക്കുന്നത് ശീലമാക്കി മാറ്റിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ വാനോളം പുകഴ്ത്തി ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍. റാഞ്ചി ഏകദിനത്തില്‍ തന്റെ 41-ാം സെഞ്ച്വറി നേടിയ കോലി ഇന്ത്യന്‍ ടീമിനെ ജയത്തിന്റെ വക്കോളം എത്തിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് കോലി ഏകദിനത്തില്‍ കണ്ടെത്തിയത്. ഇതോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡിന് അടുത്തെത്തിയിരിക്കുകയാണ് താരം.

ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് വിരാട് കോലിയെന്നും കോച്ച് പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്താനുള്ള നിരന്തരമായ ശ്രമമാണ് കോലിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. അതില്‍ അദ്ദേഹം ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്ഥിരതയാര്‍ന്ന പ്രകടനവും, പിഴവുകളേതുമില്ലാത്ത കളിക്കുവേണ്ടിയുള്ള അര്‍പ്പണവും കോലിയെ മികച്ച താരമാക്കുന്നതായും ബാംഗര്‍ വിലയിരുത്തി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 95 പന്തില്‍നിന്നും കോലി 123 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍, സഹതാരങ്ങളുടെ പിന്തുണ കുറവായതിനാല്‍ ഇന്ത്യ 32 റണ്‍സിന് തോറ്റു. ഇന്ത്യ കളി തോറ്റെങ്കിലും കോലിയുടെ ബാറ്റിങ് മികവ് തന്നെയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ യുവ താരങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

റാഞ്ചിയില്‍ ഇന്ത്യ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ തീരുമാനം തെറ്റായിരുന്നില്ലെന്നും ബാംഗര്‍ വ്യക്തമാക്കി. ഗ്രൗണ്ട്സ്മാന്‍ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നായിരുന്നു പ്രവചിച്ചത്. കഴിഞ്ഞദിവസം മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. എന്നാല്‍, മത്സര ദിവസം മഞ്ഞുവീഴ്ചയില്ലാതിരുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്നതിന് തിരിച്ചടിയായി. ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും ബാംഗര്‍ പറഞ്ഞു.