കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവര്‍ക്കു പകരം വെക്കാന്‍ സത്യസന്ധരും കര്‍മ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സിപിഎമ്മില്‍ ഇല്ലേ: സിപിഎം സ്ഥാനാർത്ഥിപട്ടികയെ വിമർശിച്ച് ശാരദക്കുട്ടി

single-img
9 March 2019

സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് എതിരെ എഴുത്തുകാരി ശാരദക്കുട്ടി. നാലു വോട്ടു കൂടുതല്‍ കിട്ടാന്‍ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരില്‍ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകള്‍ വളരെയേറെയുണ്ടെന്നും മുന്നോട്ടു പോകുന്ന പാതയില്‍ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചെന്നും ശാരദക്കുട്ടി പറയുന്നു.

ഇതിപ്പോ ഏതോ സിനിമയില്‍ മോഹന്‍ലാല്‍ നായകന്‍ പറഞ്ഞ പോലായിപ്പോയല്ലോ എന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഞങ്ങള്‍ വിളിക്കുമ്പോള്‍ മതില്‍ കെട്ടാനും ഞങ്ങള്‍ക്ക് സാംസ്‌കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോള്‍ തല്ലിയലച്ചു കരയാനും ഞങ്ങള്‍ക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കില്‍ കേറ് വണ്ടീല്- ശാരദക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സമ്മതിച്ചു. തെരഞ്ഞെടുപ്പില്‍ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെന്ന് സി പി എം വിമര്‍ശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോണ്‍ഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു..ശക്തര്‍ തന്നെ. ജയിച്ചു വരട്ടെ.

പക്ഷേ, നാലു വോട്ടു കൂടുതല്‍ കിട്ടാന്‍ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരില്‍ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകള്‍ വളരെയേറെയുണ്ട്. നാലു വോട്ടു പോയാല്‍ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു. മുന്നോട്ടു പോകുന്ന പാതയില്‍ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റില്‍. ഒഴിവാക്കേണ്ടതായിരുന്നു. അവര്‍ക്കു പകരം വെക്കാന്‍ സത്യസന്ധരും കര്‍മ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി.പി.ഐ. എമ്മില്‍ ഇല്ലേ? മതില്‍ കെട്ടിയ പെണ്ണുങ്ങള്‍ക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി.പി..ഐ. എം എന്ന്.

ഇതിപ്പോ ഏതോ സിനിമയില്‍ മോഹന്‍ലാല്‍ നായകന്‍ പറഞ്ഞ പോലായിപ്പോയല്ലോ. ”ഞങ്ങള്‍ വിളിക്കുമ്പോള്‍ മതില്‍ കെട്ടാനും ഞങ്ങള്‍ക്ക് സാംസ്‌കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോള്‍ തല്ലിയലച്ചു കരയാനും ഞങ്ങള്‍ക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കില്‍ കേറ് വണ്ടീല്’