ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍നിന്നും ഇന്നസെൻ്റ് പിൻമാറി; ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

single-img
9 March 2019

നടനും സിറ്റിങ് എംപിയുമായ ഇന്നസെൻ്റ് ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍നിന്നും പിന്‍മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തിലാണ് പിൻമാറ്റം.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് താന്‍ നേരത്തെയും വ്യക്തമാക്കിയതാണെന്ന് ഇന്നസെന്റ് പറഞ്ഞു. പുതിയ ആളുകള്‍ക്കു അവസരം കിട്ടാനായി മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് ശ്രമിച്ചത്. ഇതാണ് നേരത്തെയും പറഞ്ഞിട്ടുള്ളത്. പാര്‍ട്ടി തീരുമാനമെടുത്താന്‍ ധിക്കരിക്കാനാവില്ല- ഇന്നസെന്റ് വ്യക്തമാക്കി.

സിനിമയാണ് തന്റെ തൊഴില്‍. അതില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കാനാവില്ല. ജോഷി ചിത്രത്തില്‍നിന്നു പിന്‍വാങ്ങിയത് താത്കാലികമാണെന്ന് ഇന്നസെന്റ് വിശദീകരിച്ചു.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനാര്‍ഥിയാവാതെ മാറിനില്‍ക്കാനാവില്ല. അതു ജയിപ്പിച്ച പാര്‍ട്ടിയെ ധിക്കരിക്കലാവും. തീരുമാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. അതിനു മുമ്പ് എതിര്‍പ്പും വിമര്‍ശനവുമൊക്കെയുണ്ടായത് കാര്യമാക്കുന്നില്ല. കുറ്റങ്ങളും കുറവുകളും പാര്‍ട്ടിക്കകത്തു തന്നെ ചൂണ്ടിക്കാട്ടണമല്ലോ? അല്ലെങ്കില്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നല്‍ നമുക്കുണ്ടാവുമെന്നും ഇന്നസെൻ്റ് പറഞ്ഞു.