സഞ്ചാരികളെക്കാത്ത് ദുബായില്‍ സൈക്കിള്‍ റിക്ഷകളും

single-img
9 March 2019

ദുബായ്: ലോക സഞ്ചാരികള്‍ ആഗോളഗ്രാമ ഭംഗി ആസ്വദിക്കുവാന്‍ ദുബായിലേക്ക് ഒഴുകുമ്പോള്‍, കാഴ്ചകളും അനുഭവങ്ങളും കൂടുതല്‍ മികവുറ്റതാക്കാന്‍ മത്സരിക്കുകയാണ് സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍. ഗോള ഗ്രാമത്തിലെ കാഴ്ചകളിലേയ്ക്ക് നയിക്കുന്ന സൈക്കിള്‍ റിക്ഷകള്‍ കൂടുതല്‍ ശദ്ധേയമാവുകയാണ്. ലോകം ഗ്ലോബല്‍ വില്ലേജിലേക്ക് ചുരുങ്ങുന്ന ഈ ആറുമാസക്കാലം മുച്ചക്രവണ്ടികാര്‍ക്ക് അതിജീവനത്തിന്റെ നാളുകള്‍ കൂടിയാവുകയാണ്. അകത്തു നടക്കുന്ന പൂരത്തിലൊന്നും ശ്രദ്ധകൊടുക്കാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന തിരക്കില്‍ മതിമറക്കുകയാണ് ഈ സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍.

ആഗോളഗ്രാമത്തിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പ്രവേശന കവാടത്തിലേക്ക് പ്രത്യേക വീഥിയിലൂടെയുള്ള യാത്ര ഒന്നു വേറെതന്നെയാണ്. അറബി നാട്ടിന് പരിചയമില്ലാത്ത വണ്ടി അണിയിച്ചൊരുക്കി കവാടത്തില്‍ നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ ആര്‍ക്കും ഒന്ന് കയറാന്‍ തോന്നും.
താഴ്ന്ന നിരക്കില്‍ ലഭിക്കും എന്നതിനൊപ്പം പരിസര മലിനീകരണം തീരെയില്ലെന്നതും ഈ മൂന്ന്ചക്ര വാഹനത്തോടുള്ള പ്രിയം കൂട്ടുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി ഉത്സവനാളുകളില്‍ ദുബൈയിലെത്തുന്ന തൊഴിലാളികളും കൂട്ടത്തിലുണ്ട്.

ആറുമാസത്തെ സന്ദര്‍ശക വിസയിലാണ് ഇവരുടെ വരവ്. നാട്ടില്‍ കൂലിപണിയിലേര്‍പ്പെടുന്നവരാണ് ഇവരില്‍ പലരും. ആഗോളഗ്രാമത്തിനകത്തേയും പുറത്തേയും കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് തുറന്ന വാഹനത്തിലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണെന്ന് സഞ്ചാരിളും സമ്മതിക്കുന്നു.

ദൂരപരിധിക്കനുസരിച്ച് അഞ്ചു മുതല്‍ പത്ത് ദിര്‍ഹം വരെയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്. സഞ്ചാരികള്‍ക്കിത് വിനോദ സഞ്ചാര ഉപാധിയെങ്കില്‍ മറു വിഭാഗത്തിന് ഇത് ജീവിതമാണ്. സൈക്കള്‍ റിക്ഷകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തൊഴിലാളികളില്‍ ഏറെയും പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.