മലപ്പുറത്ത് രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയതുകൊണ്ട്: ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ച യുവാവിനെതിരെ കേസെടുത്തു

single-img
9 March 2019

വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പുഫലം അട്ടിമറിച്ചെന്ന ആരോപണം ഉന്നയിച്ച യുവാവിനെതിരേ പൊലീസ് കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.  തൃക്കലങ്ങോട് പഞ്ചായത്തിലെ മുസ്ഫിര്‍ കാരക്കുന്നിന്റെ പേരിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന് പറഞ്ഞുകൊണ്ട് ഇയാള്‍ ഫേയ്‌സ്ബുക്കിലാണ് പോസ്റ്റിട്ടത്.

എടവണ്ണയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിലെ പ്രിന്‍സിപ്പലാണ് മുസ്ഫിര്‍. തിരുവനന്തപുരത്തെ ഐ.ടി. കമ്പനിയുടെ സാങ്കേതിക സഹായത്തോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമംനടത്തി മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളില്‍ ഫലം അട്ടിമറിച്ചെന്നാണ് ആരോപണം. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഒരു ലീഗ് സ്ഥാനാര്‍ഥിയും പരാജയപ്പെടാന്‍ ഇത് കാരണമായെന്നാണ് ഫേസ്ബുക്കിൽ ഇയാൾ കുറിച്ചത്.

50ഓളം യന്ത്രങ്ങളിലാണ് കൃത്രിമം കാട്ടിയതെന്നും ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാമെന്നും കുറിപ്പിലുണ്ട്. 2017ല്‍ മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് തട്ടിപ്പ് വിവരം അറിഞ്ഞതെന്നും ഇയാൾ വ്യത്മാക്കുന്നു.  ഐ.ടി. കമ്പനിയില്‍നിന്നും ലഭിച്ച ഫോണ്‍കോളുകളിലെ അവകാശ വാദങ്ങളും വിശദാംശങ്ങളുമാണ് യുവാവ് ഇട്ട കുറിപ്പിന് ാധാരം.

എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമാണ് എടവണ്ണ പോലീസ് കേസെടുത്തത്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയതിനാണ് നിലവില്‍ കേസെടുത്തതെന്നും വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് പറയുന്നു.