തൊളിക്കോട് പീഡനം: പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ട് ഹൈക്കോടതി: ഷെഫീഖ് ഖാസിമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

single-img
8 March 2019

തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവായി. ശിശുക്ഷേമ സമിതിയാണ് കുട്ടിയെ വിട്ടുനല്‍കേണ്ടത്. നേരത്തെ ജഡ്ജിയുടെ ചേംബറില്‍വെച്ച് മാതാവിനൊപ്പം പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നു.

അതേസമയം കേസില്‍ മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു. ഖാസിമിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഖാസിമിയേയും സഹായി ഫാസിലിനെയും ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടില്‍ നിന്നും പിടികൂടപ്പെട്ട ഷെഫീഖ് അല്‍ ഖാസിമി പൊലീസിനൊപ്പം കേരളത്തിലേക്കുള്ള യാത്രയില്‍ തന്നെ തന്റെ കുറ്റം ഏറ്റുപറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. വീട്ടിലേക്ക് കൊണ്ട് വിടാമെന്ന് പറഞ്ഞാണ് കുട്ടിയെ കാറില്‍ കയറ്റിയത്. പീഡനവിവരം പുറത്ത് പറയരുതെന്ന് കുട്ടിയില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നതായി ഖാസിമി പൊലീസിനോട് പറഞ്ഞു.

15 ഇടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ഖാസിമിക്ക് വിനയായത് അടുത്ത ബന്ധു നൗഷാദിന്റ മൊഴിയാണ്. ഖാസിമിയുടെ സഹായി ഫാസിലിന്റെ മൊബൈല്‍ നമ്പറും ഖാസിമി സഞ്ചരിക്കുന്ന വാഹനവും നൗഷാദ് പൊലീസിനോട് വെളിപ്പെടുത്തി. ഇനി അറിയേണ്ടത് എത്ര കാലമായി കുട്ടിയെ ഇയാള്‍ ഉപയോഗിക്കുന്നു എന്നതാണ്.

തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇക്കാര്യങ്ങള്‍ പൊലീസ് ചോദിച്ചറിയും. സഹായി ഫാസിലിനെതിരെ പ്രതിയെ ഒളിപ്പിച്ചതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളടക്കം കേസില്‍ 9 പ്രതികളാണുള്ളത്.

കഴിഞ്ഞ ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഷെഫീഖിനെതിരെ വിതുര പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവില്‍ പോയതിനെതുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷെഫീഖിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സഹോദരങ്ങളായ അല്‍ അമീന്‍, നൗഷാദ് എന്നിവരെയും ബന്ധുവായ കബീറിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.