പട്ടാളത്തൊപ്പിയില്‍ സൈനികര്‍ക്ക് ആദരവുമായി ടീം ഇന്ത്യ; മാച്ച് ഫീയും നല്‍കും: വീഡിയോ

single-img
8 March 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വേറിട്ട ആദരം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തൊപ്പി ധരിച്ചാണ് ടീം ഇന്ത്യ കളിക്കുന്നത്. ലഫ്റ്റനന്റ് കേണല്‍ കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സൈനിക തൊപ്പി കൈമാറിയത്.

ഈ മല്‍സരത്തിനു പ്രതിഫലമായി ലഭിക്കുന്ന മാച്ച് ഫീ, എല്ലാ ഇന്ത്യന്‍ താരങ്ങളും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ കൂടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അറിയിച്ചു. ടോസിനു തൊട്ടുപിന്നാലെയാണ് കോഹ്‌ലി ഇക്കാര്യം അറിയിച്ചത്.

‘ഇതു വളരെ പ്രത്യേകതളുള്ളൊരു തൊപ്പിയാണ്. ഇന്ന് ധരിച്ചു കളിക്കാനുള്ള തീരുമാനം നമ്മുടെ സൈനികരോടുള്ള ആദരസൂചകമാണ്. ഞങ്ങളെല്ലാവരും മാച്ച് ഫീയും ധീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കു നല്‍കും. നമ്മുടെ സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ എല്ലാ ഇന്ത്യക്കാരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സൈനികരുടെ കുടുംബങ്ങളോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യാം’ – കോഹ്‌ലി പറഞ്ഞു.