ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍

single-img
8 March 2019

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീത് രണ്ടാം റൗണ്ടില്‍ തോറ്റ് മടങ്ങി. ഡെന്മാര്‍ക്കിന്റെ ലിനെ യാര്‍സ്‌ഫെല്‍ഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. ഇവരുടെ സ്‌കോര്‍: 8-21, 21-16, 21-13.

ആദ്യസെറ്റില്‍ പൊരുതാതിരുന്ന സൈന രണ്ടാം സെറ്റില്‍ ഉജ്ജ്വലമായാണ് തിരിച്ചുവരവാണ് നടത്തിയത്. നിര്‍ണായകമായ മൂന്നാം സെറ്റിലും സൈന എതിരാളിയെ കീഴടക്കി. ചൈനീസ് തായ്‌പെയിയുടെ തായ് സു യിങ്ങായിരിക്കും ഇനി സൈനയുടെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പറായ തായ് സു യിങ് സൈനയ്ക്ക് കടുത്ത എതിരാളിതന്നെയായിരിക്കും.

പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് 21-17, 11-21, 21-12 എന്ന സ്‌കോറിനാണ് ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തി. ആദ്യ സെറ്റില്‍ വിജയം നേടിയ ശ്രീകാന്ത് രണ്ടാം സെറ്റ് കൈവിട്ടുവെങ്കിലും, നിര്‍ണായകമായ മൂന്നാം സെറ്റില്‍ എതിരാളിക്ക് അവസരമൊന്നും നല്‍കാതെയാണ് വിജയം നേടിയത്. അതേസമയം, പുരുഷ സിംഗിള്‍സില്‍ ബി. സായി പ്രണീത് ഹോങ്കോങ്ങിന്റെ ലോങ് അംഗസിനോട് എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്ക് തോല്‍ക്കുകയായരുന്നു. സ്‌കോര്‍: 12-21, 17-21.