പൊന്നാനിയിലെ ലീഗ് – കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി; മുസ്ലീം ലീഗിനെതിരായ പ്രസ്താവനകള്‍ പാടില്ലെന്ന് അണികൾക്ക് കർശന നിർദ്ദേശം

single-img
8 March 2019

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ മുസ്ലീംലീഗ് – കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി രൂപീകരിച്ചു. കോൺഗ്രസിലെ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്നതാണ് സമിതി. അതേപോലെതന്നെ, മുസ്ലീം ലീഗിനെതിരായ പ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തില്‍ പലയിടങ്ങളിലും മുസ്ലിംലീഗ് – കോണ്‍ഗ്രസ് പടലപിണക്കം തിരിച്ചടിയാകുമെന്ന് മനസിലാക്കിയായിരുന്നു ലീഗിന്റെ നീക്കം.

മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക യോഗം വിളിച്ചു കൂട്ടണമെന്ന് ലീഗ് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയുടെ കൂടി സാഹചര്യത്തിലാണ് കോഴിക്കോട് വെച്ച് യോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍പ്, പൊന്നാനിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഇ ടി മുഹമ്മദ് ബഷീര്‍ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ മുല്ലപ്പള്ളി വിമര്‍ശിച്ചു.

നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിച്ചു. ഒരേസമയം പാര്‍ട്ടിക്കുള്ളിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമിതി മുന്‍കയ്യെടുക്കും. ഈ സമിതി മുസ്ലിം ലീഗ് നേതാക്കളുമായും ചര്‍ച്ച നടത്തും. യു ഡി എഫ് പൊന്നാനിയില്‍ നിന്നും മികച്ച വിജയം ഇക്കുറി നേടുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. താന്‍ നയിച്ച ജനമഹായാത്രക്ക് വേണ്ടത്ര മുന്നൊരുക്കമില്ലാതെ പൊന്നാനിയില്‍ സ്വീകരണം നല്‍കിയ നേതാക്കളെ മുല്ലപ്പള്ളി വേദിയിലിരുത്തി രൂക്ഷമായി വിമര്‍ശിച്ചു.