ഇടുക്കി തിരിച്ചുപിടിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തന്നെ കോൺഗ്രസ് കളത്തിലിറക്കുമോ?

single-img
8 March 2019

യുഡിഎഫ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇടുക്കി ജില്ല വീണ്ടും രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇടുക്കി ജില്ലയിൽ നിന്നു ലോക്സഭയിലും നിയമസഭയിലും നിലവിൽ കോൺഗ്രസിന്റെ പ്രതിനിധികളാരും ഇല്ല. ഒരിക്കൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ഇടുക്കി മണ്ഡലം എന്തു വില കൊടുത്തും തിരികെ പിടിക്കുന്നതിനായി പയറ്റിത്തെളിഞ്ഞ പടക്കുതിരകളെ രംഗത്തിറക്കാൻ തന്നെയാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത്. അതുകൊണ്ടു തന്നെ സിറ്റിങ് എംപിയും സിപിഎം സ്വതന്ത്ര സ്ഥാനാർഥിയുമായി രണ്ടാമൂഴത്തിനിറങ്ങുന്ന ജോയ്സ് ജോർജിനെ പ്രതിരോധിക്കാൻ മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്കു മാത്രമേ കഴിയൂവെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം.

ഇടുക്കിയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്താൽ ഉമ്മൻ ചാണ്ടി ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്നതാണ് ഏറെ ഉചിതമെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും നേരത്തെ അഭിപ്രയാപ്പെട്ടിരുന്നു. കൂടാതെ ഇതു സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

ഈ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ തീരുമാനമാകും നിർണായകമാകുക. കേരള കോൺഗ്രസിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അതേസമയം ഇടുക്കി മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നത് ഉറപ്പായതോടെ സിറ്റിങ് എംപിയും സിപിഎം സ്വതന്ത്രനുമായ ജോയ്സ് ജോർജ് ഇടുക്കി മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം തുടങ്ങി. നാളെയാണ് സംസ്ഥാനത്തെ സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.