വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ യുദ്ധവിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണു

single-img
8 March 2019

രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാജസ്ഥാനിലെ ബിക്കാനര്‍ ജില്ലയിലായിരുന്നു സംഭവം. പൈലറ്റ് പരിക്ക് കൂടാതെ രക്ഷപെട്ടു. ദിവസേനയുള്ള പരീക്ഷണ പറക്കലിനിടെയാണ് അപകടം. പറക്കലിനിടെ പക്ഷിയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന പ്രാഥമികവിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

റഷ്യന്‍ നിര്‍മിത യുദ്ധവിമാനമായ മിഗ് 21, 1964 ലാണ് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. കഴിഞ്ഞ മാസം ഇന്ത്യ ബാലാക്കോട്ടിലെ ഭീകരക്യാംപില്‍ നടത്തിയ ആക്രമണത്തിനു തൊട്ടടുത്ത ദിവസം പാക്കിസ്ഥാന്‍ യുദ്ധവിമാനമായ എഫ് 16, മിഗ് 21 ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തിരുന്നു. വിമാനം പറത്തിയിരുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ പിടികൂടുകയും രണ്ടു ദിവസത്തിനകം വിട്ടയ്ക്കുകയും ചെയ്തിരുന്നു.