കുമ്മനം മടങ്ങിവരുന്നു; കുമ്മനത്തിന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അനുമതി നൽകി

single-img
8 March 2019

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി റിപ്പോർട്ടുകൾ. ഇതിനെതുടർന്നു തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകൾ. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.

ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ പാർട്ടിക്ക് ജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നു വ്യക്തമായിരുന്നു.  14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്.

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെ കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ഗവര്‍ണര്‍ സ്ഥാനത്തുള്ള ഏതാനും ബിജെപി നേതാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ്, കുമ്മനത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറയുന്നു.