തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി കുറ്റം സമ്മതിച്ചു; ‘പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു’

single-img
8 March 2019

തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ഷെഫീഖ് അല്‍ ഖാസിമി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് ഖാസിമി പൊലീസിനോട് പറഞ്ഞു.

ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. പൊലീസിന്റെ വലയിലാകാതിരിക്കാന്‍വേണ്ടി വേഷംമാറിയാണ് ഇയാള്‍ നടന്നിരുന്നത്. മുടി വെട്ടിയതിനൊപ്പം താടിയും കളഞ്ഞു.

ആദ്യം എറണാകുളത്താണ് ഒളിവില്‍ കഴിഞ്ഞത്. അന്വേഷണം ശക്തമായപ്പോള്‍ കോയമ്പത്തൂരിലേക്ക് മാറി. ഇതേക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെനിന്നു വിജയവാഡയിലേക്കു കടന്നു. ആദ്യം വിജയവായിലാണു ഖാസിമിയെ തേടി പൊലീസ് എത്തിയത്.

പിടിയിലാകുമെന്ന ഘട്ടത്തില്‍ ലോഡ്ജ് വാസം ഉപേക്ഷിച്ചു. അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു വേഷം മാറിയാണു ഒളിവില്‍ കഴിയുന്നതെന്നു പൊലീസ് തിരിച്ചറിയുന്നത്. പാലക്കാട് അതിര്‍ത്തിയില്‍ ഖാസിമിക്കു ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത രണ്ടു സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണു പെരുമ്പാവൂര്‍ സ്വദേശിയായ ഫാസിലിന്റെ കാറിലാണു ഖാസിമി രക്ഷപ്പെട്ടതെന്നു മനസ്സിലാക്കുന്നത്. പിന്നീടു ഫാസിലിനെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോയി. ഇയാളുടെ ഫോണും വാഹനവും പിന്തുടര്‍ന്ന പൊലീസ് കോയമ്പത്തൂര്‍ വഴി മധുരയില്‍ എത്തി.

ഇന്നലെ രാവിലെ മധുരയില്‍ എത്തിയ ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പൊലീസിന്റെ സഹായത്തോടെ വൈകിട്ട് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.