കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ ലേലത്തിന് വെയ്ക്കാന്‍ ആവശ്യപ്പെട്ട് ആരാധികയുടെ കുറിപ്പ്

single-img
8 March 2019

നാടന്‍ പാട്ടുകളുടെ തോഴന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്നും മണിയുടെ ഒരു പാട്ടോ, അഭിനയിച്ച രംഗമോ കാണാതെ ഒരു ദിവസം കടന്നുപോകാറില്ല. കഷ്ടപ്പാടുകളിലൂടെ സിനിമയിലെത്തിയ താരം, പിന്നീട് ആഗ്രഹിച്ചതെല്ലാം അദ്ദേഹം സ്വന്തമാക്കി. വാഹനങ്ങള്‍ മണിക്ക് ഏറെ ഇഷ്ടമായിരുന്നു.

പൊടി പിടിച്ചു കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ഓട്ടോ ഒരു ആരാധകന്‍ വൃത്തിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍, മണിയുടെ വാഹനങ്ങളെക്കുറിച്ചുള്ള ഒരു ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശിച്ചുപോകുന്ന വാഹനങ്ങള്‍ ലേലത്തില്‍ വയ്ക്കൂ എന്നാണ് ആരാധിക ആവശ്യപ്പെടുന്നത്. അങ്ങിനെയെങ്കില്‍ ആരാധകര്‍ അത് വാങ്ങുമെന്നും അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളുമെന്നും അവര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘മണിച്ചേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷമാവുന്നു, എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മ്മകള്‍ നമ്മെ തേടി എത്താറുണ്ട്. അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നും ഇല്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്നും, എല്ലാ മലയാളികള്‍ക്കും അറിയാം.. അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഈയടുത്ത് കാണുകയുണ്ടായി. ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം,ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ. എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ സാധിച്ചു. ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടങ്കില്‍ അവ ലേലത്തിന് വെയ്ക്കൂ, അദ്ദേഹത്തിന്റെ ആരാധകര്‍ അത് വാങ്ങിക്കോളും. ലാഭം നോക്കിയല്ല, അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും .. ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന. ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണമെന്ന് തോന്നി.