കോടതിയലക്ഷ്യ പ്രവർത്തനം ബിജെപി മുഖപത്രത്തിൽ ഹെെന്ദവ സ്ത്രീശക്തിയായി മാറി; അന്താരാഷ്ട്ര വനിതാ ദിനത്തെ `ഹെെന്ദവ സ്ത്രീശക്തി ദിന´മാക്കി ജന്മഭൂമി

single-img
8 March 2019

സുപ്രീംകോടതി വിധിക്കെതിരെയുള്ള നാമജപ പ്രതിഷേധത്തെ മുൻനിർത്തി അന്താരാഷ്ട്ര വനിതാ ദിനത്തെ `ഹെെന്ദവ സ്ത്രീശക്തി ദിന´മാക്കി ബിജെപി മുഖപത്രം ജന്മഭൂമി. അയ്യപ്പനു വേണ്ടി പൊരുതിയ ഹെെന്ദവ സ്ത്രീ ശക്തിക്ക് പ്രണാമമെന്ന തലക്കെട്ടോടെയാണ് കോടതിയലക്ഷ്യ പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം ജന്മഭൂമി ഹെെന്ദവ സ്ത്രീശക്തി ദിനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല ആചാരലംഘനം ജീവിത വ്രതമാക്കി, രംഗബോധമില്ലാത്ത കോമാളികള്‍ നിറഞ്ഞാടിയ ദിവസങ്ങളില്‍ അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയത് കേരളത്തിലെ കോടാനുകോടി സ്ത്രീകള്‍ തന്നെ. നാടും നഗരവും ശരണമന്ത്രങ്ങളാല്‍ നിറഞ്ഞ നാമജപയാത്രകളില്‍ ഓരോ ദിവസവും എത്രയോ ലക്ഷം സ്ത്രീകള്‍ അണിനിരന്നുവെന്നും ജന്മഭൂമി ചൂണ്ടിക്കാണിക്കുന്നു.

അയ്യപ്പന്റെ പിതൃഭൂമിയായ പന്തളത്ത് പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന നാമജപ യാത്ര ലോകത്തെ അമ്പരപ്പിച്ചുവെന്നും ജന്മഭൂമി പറയുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഹൈന്ദവ സ്ത്രീശക്തി നിറഞ്ഞൊഴുകി. കുടിലുകളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നും അവര്‍ ഇറങ്ങി വന്നു. സെറ്റുസാരിയും ചുവന്ന ബ്ലൗസുമണിഞ്ഞ് ചുവന്ന കൊടിയേന്തിയ ചരിത്രം മാത്രമുള്ള കമ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളും എല്ലാ വിലക്കുകളേയും അതിജീവിച്ചു നാമജപയാത്രകളിലേക്ക് വന്നു- ജന്മഭൂമി ലേഖനത്തിൽ പറയുന്നു.