വികെ ശ്രീകണ്ഠന്റെ ‘ജയ്‌ഹോ’ പദയാത്രയ്ക്ക് കെ മുരളീധരനും എത്തുന്നു

single-img
8 March 2019

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ പങ്കെടുക്കാന്‍ കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരനെത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് അട്ടപ്പാടിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യാത്രയുടെ ഭാഗമാകും. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്നിത്തല യാത്രയുടെ ഭാഗമാകുക. ഇതിനോടകം തന്നെ യാത്രയ്ക്ക് ജില്ലയില്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് കൂടി എത്തുന്നതോടെ ഇത് ഇരട്ടിയാകുമെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുമെന്നുമുള്ള വിശ്വാസത്തിലാണ് നേതാക്കള്‍.

ജയ് ഹോ പതിനെട്ടാം ദിവസത്തെ പ്രയാണം തെങ്കരയിൽ നിന്നും മണ്ണാർക്കാടിലേക്ക് ആരംഭിക്കുന്നു#JaiHO

Posted by VK Sreekandan on Thursday, March 7, 2019

ജയ് ഹോ പതിനെട്ടാം ദിവസത്തെ പ്രയാണം തെങ്കരയില്‍ നിന്നുമാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെ സാമൂഹ്യ ജീവിതം പഠിക്കാനെത്തിയ സ്വീഡനില്‍ നിന്നുള്ള വിദേശ അധ്യാപകരുടെ സംഘം 4 കി.മീ. ദൂരത്തില്‍ വി കെ ശ്രീകണ്ഠനൊപ്പം യാത്രയില്‍ അണിനിരന്നിരുന്നു.

അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വികെ ശ്രീകണ്ഠന് വേണ്ടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. നാടും നഗരവുമെല്ലാം ഇളക്കി മറിച്ച് വി കെ ശ്രീകണ്ഠന്റെ പദയാത്ര നടക്കുന്നതിനിടെ തന്നെയാണ് പാലക്കാടെ മത്സരംഗവും ചൂട് പിടിക്കുന്നത്.

മൂന്നാമൂഴത്തില്‍ എംബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വികെ ശ്രീകണ്ഠനും രംഗത്തെത്തുന്നതോടെ കേരളത്തിലെ ഏറ്റവും ശക്തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പാലക്കാട് മാറും. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും ഇടതിനൊപ്പമാണെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ വി കെ ശ്രീകണ്ഠന്‍ രംഗത്തെത്തിയാല്‍ കളികാര്യമാകുമെന്ന് തന്നെയാണ് സിപിഎം നേതൃത്വവും കരുതുന്നത്.

ഇത്തവണ വികെ ശ്രീകണ്ഠന് പിന്നില്‍ പാലക്കാട്ടെ എല്ലാ കോണ്‍ഗ്രസുകാരും ഒരുമിച്ച് നില്‍ക്കുന്നുവെന്നതാണ് യുഡിഎഫിന് വിജയ പ്രതീക്ഷ നല്‍കുന്നത്. ചെങ്കൊടി പാറുന്ന ഗ്രാമങ്ങളാണെങ്കിലും ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്ന സ്ഥലം കൂടിയാണ് പാലക്കാട്. സര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധവും എംബി രാജേഷിന് വിനയാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.