വിവാഹേതരബന്ധങ്ങൾ സ്ഥിരമാക്കിയ ടെലിവിഷൻ മെഗാസീരിയലുകൾക്ക് പിടിവീഴുന്നു: മെഗാ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങള്‍ക്കു കാരണമാവുന്നുണ്ടോയെന്നു പരിശോധിക്കാന്‍ സർക്കാരിന് കോടതി നിർദേശം

single-img
8 March 2019

ടെലിവിഷനിലെ മെഗാ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങള്‍ക്കു കാരണമാവുന്നുണ്ടോയെന്നു പരിശോധിക്കാന്‍ തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. വിവാഹേതര ബന്ധങ്ങള്‍ വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഒട്ടേറെ കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടുപോവലുകള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ കാരണമായി. സമീപകാലത്തായി ഇതു പെരുകി വരികയാണെന്ന് കോടതി നിരീക്ഷിച്ചു. മെഗാ സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും അതുവഴിയുള്ള കുറ്റകൃത്യങ്ങള്‍ക്കും പ്രചോദനമാവുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.

വിവാഹ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കാനും ജില്ലകള്‍ തോറും കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തിക സ്വാതന്ത്ര്യം, ഇന്റര്‍നെറ്റ്, ലൈംഗിക പ്രശ്‌നങ്ങള്‍, സോഷ്യല്‍ മീഡിയ, പാശ്ചാത്യവത്കരണം തുടങ്ങിയവയൊക്കെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് ജസ്റ്റിസ് എന്‍ കൃപാകരന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

ഇന്ത്യയില്‍ വിവാഹം സ്‌നേഹം, വിശ്വാസം, പ്രതീക്ഷ എന്നിവയിലൊക്കെ അധിഷ്ഠിതമാണ്. വിവാഹ ബന്ധം വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ വിശുദ്ധമായി കണക്കാക്കുന്ന കാര്യം തന്നെ ഭീതയുളവാക്കുന്നതായി മാറുകയാണ്. വിവാഹേതര ബന്ധങ്ങളാണ് ഇതിനു കാരണമെന്ന് കോടതി പറഞ്ഞു.

വിവാഹേതര ബന്ധങ്ങള്‍ മൂലമുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതു പരിശോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.