പ്രായം ഒരു ഘടകമേയല്ല; പ്രതിഭയും കഴിവും മാത്രമാണ് മാനദണ്ഡം; ലോകകപ്പു കഴിഞ്ഞാലും ധോണി ടീമില്‍ തുടരുമെന്ന് ഗാംഗുലി

single-img
8 March 2019

ലോകകപ്പിനു പിന്നാലെ മുതിര്‍ന്ന താരം മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധോണി ടീമില്‍ തുടരുന്നതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. ലോകകപ്പു കഴിഞ്ഞാലും ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി പറഞ്ഞു.

‘ലോകകപ്പിനു ശേഷം ധോണിക്ക് ടീമില്‍ തുടരാവുന്നതേയുള്ളൂ. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ അദ്ദേഹം വിരമിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാകും. ഇക്കാര്യത്തില്‍ പ്രായം ഒരു ഘടകമേയല്ല. പ്രതിഭയും കഴിവും മാത്രമാണ് മാനദണ്ഡം’ ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ഒരു കാരണവശാലും പൊളിക്കരുത്. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ കഴിവുള്ള സഖ്യമാണ് രോഹിതും ധവാനും. ഇവര്‍ക്കൊപ്പം കെ.എല്‍. രാഹുലിനെയും പരിഗണിക്കാം. എങ്കിലും രോഹിത്തും ധവാനും തന്നെ ഓപ്പണ്‍ ചെയ്യട്ടെ. ഇവര്‍ക്കു പകരക്കാരനായി രാഹുലിനെയും’ –ഗാംഗുലി പറഞ്ഞു.

വിരാട് കോഹ്‌ലി തന്നെ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്നതാണ് എപ്പോഴും ഉചിതമെന്നും ഗാംഗുലി പറഞ്ഞു. കോഹ്‌ലിക്കു ശേഷം അമ്പാട്ടി റായുഡു, മഹേന്ദ്രസിങ് ധോണി, കേദാര്‍ ജാദവ് എന്ന ക്രമത്തിലാകണം ബാറ്റിങ് ഓര്‍ഡറെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

അതേസമയം, സമീപകാലത്ത് വിജയ് ശങ്കര്‍ പുറത്തെടുക്കുന്ന പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ സിലക്ടര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവാകും നാലാം പേസ് ബോളറെന്ന നിലയില്‍ ടീമില്‍ ഇടംപിടിക്കുകയെന്നും ഗാംഗുലി പറഞ്ഞു.