തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കുവാനുള്ള വസ്തുവല്ല സൈന്യം; തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിക്കുന്നതിനെതിരെ മുന്‍ നാവികസേനാ മേധാവി

single-img
8 March 2019

പുല്‍വാമയുമായോ, ബാലാക്കോട്ടുമായോ ബന്ധപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മുന്‍ നാവിക സേനാ മേധാവി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിച്ച് വോട്ടു നേടുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്ത്യയുടെ മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ്.

പാകിസ്ഥാന്‍ മോചിപ്പിച്ച അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ദി സിറ്റിസണ്‍ പുറത്തു വിട്ട രാംദാസിന്റെ കത്തില്‍ പറയുന്നു. ‘മതേതരവും രാഷ്ട്രീയ ഇടപെടലുകളുമില്ലാത്ത ഒരു വ്യവസ്ഥിതിയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യന്‍ സായുധ സേന എന്ന് നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ഭാക്കി നില്‍ക്കെ കപട ദേശീയ വാദത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രം ഉപയോഗിച്ച് വോട്ടുകള്‍ സ്വാധീനിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം’- രാംദാസ് തൻ്റെ കത്തില്‍ പറയുന്നു.ൃ

ബി.ജെ.പിയുടെ ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി സൈനിക വേഷം ധരിച്ച് അഭിനന്ദനെ കുറിച്ച് കവിത എഴുതി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് വിവാദമായതിനു പിന്നാലെയാണ് ഇൗ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചതും വിവാദമായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രങ്ങള്‍, സൈന്യത്തിന്റെ യൂണിഫോം എന്നിവ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉപയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ സൈന്യത്തിലെ തന്റെ സഹപ്രവര്‍ത്തകരും സമാനാഭിപ്രായക്കാരണെന്നും അദ്ദേഹം പറഞ്ഞു.