ചാനല്‍ ചര്‍ച്ചയില്‍ തൊഴിലില്ലായ്മയെ കുറിച്ച് പറഞ്ഞു; ദേശവിരുദ്ധനെന്നാരോപിച്ച് വിദ്യാര്‍ഥിയെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കി: വീഡിയോ

single-img
8 March 2019

ദേശീയ ചാനലിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച വിദ്യാര്‍ഥിയെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ബുധനാഴ്ചയാണ് സംഭവം. രാജ്യദ്രോഹിയെന്ന് വിളിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.

പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥി അപ്രതീക്ഷിതമായാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. തൊഴിലില്ലായ്മയെക്കുറിച്ച് വിദ്യാര്‍ഥി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പരിപാടി കാണാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ റെക്കോര്‍ഡിംഗ് തടസ്സപ്പെടുത്തി. തൊട്ടുപിന്നാലെ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

നാട്ടില്‍ തൊഴിലവസരങ്ങള്‍ കുറവാണെന്ന അഭിപ്രായപ്പെട്ട തന്നെ രാജ്യദ്രോഹിയാണെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുസാഫര്‍നഗര്‍ പോലീസ് ഉറപ്പ് നല്‍കിയെങ്കിലും ആക്രമത്തില്‍ ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയില്‍ അക്രമികളുടെ മുഖം വ്യക്തമായിട്ടും നടപടിയെടുക്കാത്ത പോലീസ് നടപടിയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.