വഴിയേ പോയവരും പ്രസിഡന്റിന്റെ പെട്ടിപിടിക്കുന്നവരു സംസ്ഥാന കമ്മിറ്റിയിൽ; ബി.ജെ.പിയിൽ പുതിയ അടി തുടങ്ങി

single-img
8 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചത് ബി.ജെ.പിയിൽ പുതിയ വിവാദങ്ങൾക്കു കാരണമായി. പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്തവരും പ്രസിഡന്റിന്റെ പെട്ടിപിടിക്കുന്നവരുമാന പുതിയ സംസ്ഥാന കമ്മറ്റി അംഗങ്ങൾ എന്നാണു ഉയരുന്ന ആക്ഷേപം. ചിലരെ തരം താഴ്ത്തി, ദീർഘകാലമായി സജീവ പ്രവ‌ർത്തന രംഗത്തുളള പലരെയും ഒഴിവാക്കി, എന്ന് തുടങ്ങി റെയിൽവേയിലും മറ്റും ജോലി നൽകാമെന്ന് പേരിൽ പണം വാങ്ങിയതിന് പാർട്ടി നടപടിയെടുത്തവരെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി ആരോപണമുണ്ട്.

സാധാരണ പുതിയ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ ലിസ്റ്റ് തയാറാക്കി എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയാണ് പതിവ്. എന്നാൽ, ഇക്കുറി അതുണ്ടായില്ല. പകരം അതത് ജില്ലകളിൽ ഉൾപ്പെടുന്ന പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പേര് മാത്രം അതത് ജില്ലാ പ്രസിഡന്റുമാർക്ക് അയച്ചുകൊടുത്തു. അതുകാരണം ജില്ലയ്ക്ക് പുറത്ത് ആരൊക്കെയാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടതെന്ന് ജില്ലാ പ്രസിഡന്റുമാർക്ക് അറിയാനായില്ല.

കഴിഞ്ഞ മാസം ജില്ലാ പ്രസിഡന്റുമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് സംസ്ഥാന കമ്മിറ്രിയിൽ ഉൾപ്പെടുത്തണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശിക്കുന്നവരുടെ പേരെഴുതി വാങ്ങിയിരുന്നു. അങ്ങനെ ജില്ലാ നേതാക്കൾ കൊടുത്ത ഒരു പേരും ഇപ്പോൾ വന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ ഒരു സുപ്രഭാതത്തിൽ പാർട്ടിയിലേക്ക് കയറി വന്ന കോൺഗ്രസ് നേതാവ് രാമൻ നായരെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചിരുന്നു.

ലോക് സഭാ തിര‌ഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ വരാനിരിക്കേ പ്രസിഡന്റ് നടത്തുന്ന പ്രഖ്യാപനങ്ങളും നീക്കങ്ങളും പാർട്ടിയെ വെട്ടിലാക്കുകയാണെന്ന് നേതാക്കളുടെ ആരോപണം.