ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികള്‍; ഒന്നാമന്‍ യൂസഫലി

single-img
7 March 2019

ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ‘ആമസോണി’ന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഓഹരി നിക്ഷേപകന്‍ വാറന്‍ ബഫെറ്റ് എന്നിവരെ പിന്നിലാക്കിയാണ് 55കാരനായ ജെഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 13,100 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട്, 9.23 ലക്ഷം കോടി രൂപ.

9,650 കോടി ഡോളറുമായി ബില്‍ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തും 8,250 കോടി ഡോളറുമായി വാറന്‍ ബഫെറ്റ് മൂന്നാം സ്ഥാനത്തുമാണ്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 6,230 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യക്കാരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മുന്നില്‍. ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 25 ശതമാനം ഉയര്‍ന്നു.

അതേസമയം പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടംപിടിച്ചു. 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ 394ാം സ്ഥാനത്താണ് അദ്ദേഹം.

ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 390 കോടി ഡോളര്‍ (27,495 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (16,920 കോടി രൂപ/240 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (15,510 കോടി രൂപ/220 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.ഡി. ഷിബുലാല്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ (8,460 കോടി രൂപ/120 കോടി ഡോളര്‍), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (7,755 കോടി രൂപ/110 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.