ഓടിക്കൊണ്ടിരിക്കവേ ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളും വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

single-img
7 March 2019

മുംബൈ: ഓടിക്കൊണ്ടിരിക്കവേ മന്മാദ്- പഞ്ചവടി എക്‌സ്പ്രസ് ട്രെയിനിന്റെ എൻജിനും മൂന്ന് കോച്ചുകളും വേര്‍പ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപം പത്രിപുലില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ വക്താവ് അറിയിച്ചു.

മന്മാദില്‍ നിന്നും മുംബൈ ഛത്രപതി ശിവജി ടെര്‍മിന്‍സ് വരെ സര്‍വീസ് നടത്തുന്ന ട്രെയിനാണ് മന്മാദ്- പഞ്ചവടി എക്‌സ്പ്രസ്. ട്രെയിനിന്റെ യാത്ര അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടത്തിൽപ്പെട്ടത്. ആകെ 15 കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളും വേർപെടുകയായിരുന്നു. മുൻവശത്തുള്ള കോച്ചുകള്‍ വേര്‍പ്പെട്ടതോടെ ബാക്കിയുള്ള 12 കോച്ചുകള്‍ പാളത്തില്‍ കുടുങ്ങി കിടന്നു.

അപകടം ഉണ്ടായതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസുകളും സബര്‍ബന്‍ ട്രെയിനുകളും മണിക്കൂറുകളോളം തടസപ്പെട്ടു. കോവഹുകൾ വേർപെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.