‘ദ ഹിന്ദു’ പത്രത്തിനെതിരെ കേസെടുത്താല്‍ അത് മോദിയ്ക്ക് രാഷ്ട്രീയ ദുരന്തമായിരിക്കും; മുന്നറിയിപ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി

single-img
7 March 2019

ന്യൂഡൽഹി: റാഫേൽ കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘ദ ഹിന്ദു’ പത്രത്തിനെതിരെ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ് പ്രകാരം കേസെടുത്താല്‍ അത് മോദിയ്ക്ക് രാഷ്ട്രീയ ദുരന്തമായിരിക്കുമെന്ന് ബി ജെ പി എം പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. തന്റെ ട്വിറ്ററിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ‘ദ ഹിന്ദു’വിനെതിരെ എന്നല്ല, മറ്റേതെങ്കിലും മാധ്യമത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസ് ഫയല്‍ ചെയ്യുന്നതും രാഷ്ട്രീയ ദുരന്തമായിരിക്കും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. റാഫേൽ ഇടപാട് സംബന്ധിച്ച രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്നും നടപടി വേണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ പറയുകയുണ്ടായി.

എന്നാൽ തങ്ങൾക്ക് രേഖകള്‍ എങ്ങനെ ലഭിച്ചെന്ന് വെളിപ്പെടുത്തില്ലെന്ന് ദ ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ റാം വ്യക്തമാക്കി. “നിങ്ങൾക്ക് അത് മോഷണമാണെന്ന് പറയാം, ഞങ്ങൾ അത് കാര്യമാക്കുന്നില്ല. ഇവിടെ വിവരങ്ങൾ ലഭിച്ച സ്രോതസ്സ് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ആർക്കും ഇതേ പറ്റി ഒരു വിവരവും ഞങ്ങളിൽ നിന്നും ലഭിക്കാൻ പോകുന്നില്ല. ഇത് മാധ്യമ ധർമ്മത്തിന്റെ ഭാഗമായി ചെയ്തത് തന്നെയാണ്. ആവിഷ്കാര സ്വാതന്ത്രത്തെ സംബന്ധിച്ച ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ), വിവരാവകാശ നിയമം സെക്ഷൻ 8 (1), സെക്ഷൻ 8 (2) അടിസ്ഥാനത്തിലും ഇത് തികച്ചും നിയമാനുസൃതമാണ്”- റാം പറഞ്ഞു.