അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയില്‍: നിയമനടപടിക്ക് തെളിവായി: രാഹുല്‍

single-img
7 March 2019

റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി ആരംഭിക്കുന്നതും അവസാനിക്കുന്നതും മോദിയിലാണെന്നും രാഹുല്‍ പരിഹസിച്ചു.

റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് പറയുന്നത് തെളിവ് നശിപ്പിക്കലാണെന്നും ഇതെല്ലാം അഴിമതി മറച്ചുപിടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. റഫാല്‍ കേസില്‍ സുപ്രീംകോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അഴിമതിക്ക് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. യു.പി.എ.സര്‍ക്കാരിന്റെ കാലത്ത് വാങ്ങാന്‍ നിശ്ചയിച്ച 126 വിമാനങ്ങളെക്കാള്‍ കൂടുതലാണ് എന്‍.ഡി.എ. സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്ക് നല്‍കുന്നതെന്ന റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഈ ആവശ്യമുന്നയിച്ചത്.

വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ വിലപേശല്‍ സംഘത്തിന്റെ (ഐ.എന്‍.ടി.) റിപ്പോര്‍ട്ട് ‘ദ ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് വിമാനങ്ങളുടെ വിലയില്‍ വന്‍വര്‍ധന വന്നതായി വിലപേശല്‍ സംഘത്തിന്റെ അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി സുര്‍ജേവാല പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, ബാങ്ക് ഗാരന്റി, മൂല്യവര്‍ധന, സാങ്കേതികസഹായ കൈമാറ്റം എന്നീ കാര്യങ്ങളില്‍ സ്വീകരിച്ച നിലപാടാണിതിന് കാരണം.

ഐ.എന്‍.ടി. റിപ്പോര്‍ട്ടുപ്രകാരം 36 വിമാനങ്ങള്‍ക്ക് 8460 മില്യണ്‍ യൂറോ (63,450 കോടി) ആണ് വില. എന്നാല്‍, മോദി പറഞ്ഞത് 7890 മില്യണ്‍ യൂറോ (59,175 കോടി) എന്നാണ്. മാത്രമല്ല 63,450 കോടി 36 വിമാനങ്ങളുടെ യഥാര്‍ഥ വിലയല്ല. വില നിശ്ചയിക്കുന്നത് ഫ്രാന്‍സിലെ പണപ്പെരുപ്പനിരക്കിന്റെ അടിസ്ഥാനത്തിലാണ്. 5.75 വര്‍ഷത്തേക്ക് വര്‍ഷം 1.22 ശതമാനം നിരക്കില്‍ അടിസ്ഥാനതുകയില്‍ വര്‍ധന വരുത്തണം.

അതേസമയം, പണപ്പെരുപ്പം 3.5 ശതമാനത്തില്‍ കൂടുകയാണെങ്കില്‍ ആ നിരക്കില്‍ നല്‍കണം. മുഴുവന്‍ വിമാനങ്ങളും കിട്ടാന്‍ 10 വര്‍ഷമെടുക്കും. അപ്പോള്‍ പണപ്പെരുപ്പവും ചേര്‍ത്ത് 36 വിമാനങ്ങള്‍ക്കുള്ള തുക ഏകദേശം 9000 മില്യണ്‍ യൂറോ (67,500 കോടി) ആകും. ഈ വില യു.പി.എ. കാലത്തെ 126 റഫാല്‍ വിമാനങ്ങളുടെ വിലയായ 574 മില്യണ്‍ യൂറോ(4305 കോടി)യെക്കാള്‍ കൂടുതലാണ് സുര്‍ജേവാല പറഞ്ഞു.