മോദിയെ കുരുക്കിലാക്കി റഫാലില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ബാങ്ക് ഗാരന്റി ഒഴിവാക്കിയതുവഴി ഫ്രഞ്ചുകമ്പനി 4554.52 കോടി രൂപ ലാഭമുണ്ടാക്കി

single-img
7 March 2019

റഫാല്‍ പോര്‍വിമാന ഇടപാടില്‍ മുന്‍കൂര്‍ നല്‍കുന്ന തുകക്ക് ബാങ്ക് ഗാരന്റി വ്യവസ്ഥ ഒഴിവാക്കിയപ്പോള്‍ ചെലവു കൂടി. ബാങ്ക് ഗാരന്റി ഇല്ലാതെ തന്നെ 24.61 കോടി യൂറോ അധികം നല്‍കേണ്ടി വന്നു. പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിച്ച ഫയലുകളെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞ രേഖകള്‍ ഉദ്ധരിച്ച് ‘ദി ഹിന്ദു’ ദിനപത്രമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

‘പറക്കാവുന്ന അവസ്ഥ’യിലുള്ള 36 വിമാനങ്ങളുടെ വിലയില്‍ യു.പി.എ. കാലത്തെക്കാള്‍ കേന്ദ്രസര്‍ക്കാരിന് അധികം ചെലവായത് 1951 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇടപാടില്‍ വിലപേശലിന്റെ ഭാഗമായ ഏഴംഗ ഇന്ത്യന്‍സംഘം (ഐ.എന്‍.ടി.) 2016 ജൂലായ് 21ന് പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.പി.എ.സര്‍ക്കാര്‍കാലത്തെ കരാറിനെക്കാള്‍ 32.79 കോടി യൂറോ കുറവാണ് പുതിയ കരാറിലെ വിലയെന്ന അവകാശവാദം ഐ.എന്‍.ടി.യുടെ അന്തിമറിപ്പോര്‍ട്ട് ഖണ്ഡിക്കുന്നു. ബാങ്ക് ഗാരന്റി ഒഴിവാക്കിയതിന്റെ ആഘാതം പരിഗണിക്കാതെയാണ് ഈ വിലയിരുത്തലെന്ന് ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.

ബാങ്ക് ഗാരന്റി വേണമെന്ന് ഇന്ത്യന്‍ വിലപേശല്‍ സംഘം ഫ്രഞ്ച് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കരാറിന്റെ നിയമപരമായ സംരക്ഷണത്തിന് ഇത് അത്യാവശ്യമാണെന്ന് 2015 ഡിസംബറില്‍ നിയമമന്ത്രാലയം രേഖാമൂലം നിര്‍ദേശിച്ചിരുന്നു. വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുമുമ്പ് വന്‍തുക മുന്‍കൂറായി നല്‍കേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാലിതിന് ഫ്രഞ്ചുസര്‍ക്കാരും ദസൊ കമ്പനിയും വഴങ്ങിയില്ല. ആദ്യ കരാറില്‍ ബാങ്ക് ഗാരന്റിക്ക് വ്യവസ്ഥയുണ്ടായിരുന്നു.

കരാറില്‍ വീഴ്ച സംഭവിച്ചാലടക്കം ഇന്ത്യയ്ക്കുള്ള ഏക ഉറപ്പ് ബാങ്ക് ഗാരന്റിയാണ്. ഇതില്ലാത്ത സാഹചര്യങ്ങളില്‍ പരമാധികാര രാജ്യമെന്ന നിലയില്‍ ഒരു ‘സോവ്‌റിന്‍ ഗാരന്റി’ നല്‍കണം. പകരം, ലഭിച്ച ലെറ്റര്‍ ഓഫ് കംഫര്‍ട്ടിന്റെ സാധുത തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു.

അതേസമയം, റഫാല്‍ പോര്‍വിമാന ഇടപാടില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഫ്രഞ്ച് കമ്പനിയെ സഹായിക്കുന്ന വിധം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രവര്‍ത്തിച്ചുവെന്ന് കോണ്‍ഗ്രസ്. ഇതിനകം പുറത്തുവന്ന റഫാല്‍ ഇടപാടു രേഖകളുടെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാലയാണ് ഈ ആരോപണം ഉന്നയിച്ചത്.

റഫാല്‍ കരാര്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍ ഏഴംഗ ഇന്ത്യന്‍ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍, ഈ വിദഗ്ധ സംഘത്തെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ ഓഫിസും ദേശീയ സുരക്ഷ ഉപദേഷ്ടാവും ചേര്‍ന്നാണ് ബാങ്ക് ഗാരണ്ടി അടക്കമുള്ള ഇളവുകള്‍ അനുവദിച്ചുകൊടുത്തത്.

ദാസോ കമ്പനിയെ വഴിവിട്ടു സഹായിക്കാന്‍ സ്വന്തം ഓഫിസിന്റെ അധികാരങ്ങള്‍ ദുരുപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ കരാറിനേക്കാള്‍ ഉയര്‍ന്ന വിലക്കാണ് റഫാല്‍ പോര്‍വിമാനം മോദിസര്‍ക്കാര്‍ വാങ്ങുന്നത്. 36 പോര്‍വിമാനങ്ങള്‍ക്ക് ചെലവിടുന്നത് 59,000 കോടി രൂപയല്ല, 5,000 കോടി കൂടി അധികം മുടക്കിയാണെന്ന് രേഖകളില്‍നിന്ന് വ്യക്തമാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.