ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷയെ പാക്കിസ്ഥാന്‍ ഉപയോഗിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി മുഷറഫ്

single-img
7 March 2019

ന്യൂഡല്‍ഹി: തന്റെ ഭരണകാലത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചതിന് വ്യക്തമായ സൂചന നല്‍കി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.

ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും പര്‍വേസ് മുഷറഫ് പാക് വാര്‍ത്താ ചാനലില്‍ ടെലിഫോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ജെയ്‌ഷെയ്‌ക്കെതിരായ നടപടിയേയും മുഷറഫ് സ്വാഗതം ചെയ്തു. തന്നെ 2003 ഡിസംബറില്‍ രണ്ടു തവണ ജെയ്‌ഷെ വധിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് അന്ന് ജെയ്‌ഷെയ്‌ക്കെതിരെ നടപടി എടുക്കാതിരുന്നതെന്ന ചോദ്യത്തിന് വ്യത്യസ്ത സാഹചര്യമായിരുന്നു അപ്പോഴുണ്ടായിരുന്നതെന്ന് മുഷറഫ് പറഞ്ഞു.

ആസമയത്ത് ഇന്ത്യയും പാക്കിസ്ഥാനും കനത്ത പോരാട്ടം നടത്തുകയാണ്. ഇരു രാജ്യങ്ങളും മറുരാജ്യത്ത് ബോംബാക്രമണം നടത്താന്‍ ആളുകളെ ഏര്‍പ്പാടാക്കിയിരുന്നു. തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും ഇത്തരത്തില്‍ മറ്റുള്ളവരെ ഉപയോഗിച്ച് ഇത് നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ജെയ്‌ഷെക്കെതിരെ അന്ന് ശക്തമായ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.