വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലും ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ നടത്തും: ഡിജിപി

single-img
7 March 2019

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലും ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ നടത്തുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കും വരെ പൊലീസ് നടപടി തുടരുമെന്നും ഡി.ജി.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോളാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്നും സ്ഥലം ഇപ്പോള്‍ പൂര്‍ണമായും പൊലീസ് വലയത്തിലാണെന്നും പോലീസ് പറഞ്ഞു. മാത്രമല്ല നടപടിക്രമങ്ങളുടെ ഭാഗമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിന്റെ പോസ്റ്റുമോര്‍ട്ടത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയാതായും പോലീസ് പറഞ്ഞു.

ഒരു മാസത്തിനിടെ വയനാട്, കോഴിക്കോട് വനാതിർത്തിയിൽ മാത്രം പന്ത്രണ്ടിടങ്ങളിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിയതായി പോലീസിനു വിവരം ലഭിച്ചു. നാല് സംഘങ്ങളിലായി ഇരുപതു പേരാണ് പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടതെന്ന് പൊലീസ് കരുതുന്നു. ജനവാസ മേഖലയും റിസോട്ടുകളും സുരക്ഷിതമാക്കാനാണ് പൊലീസ് ശ്രമം. അപ്രതീക്ഷിതമായി ചില ആദിവാസി കോളനികളിലും പൊലീസ് പരിശോധന നടത്തും. പരമാവധിയാളുകളെ ജീവനോടെ പിടികൂടാന്‍ പോലീസിനു കര്‍ശന നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.