കണ്ണൂരിലും കനത്ത ജാഗ്രത

single-img
7 March 2019

വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ് അറിയിച്ചു. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തിരച്ചിലിനും മറ്റുമായി ലക്കിടിയിലേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും സ്ഥലത്തുണ്ട്.

അതിനിടെ നിലവിലെ സാഹചര്യത്തില്‍ കണ്ണൂരിലും കനത്ത ജാഗ്രത. മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സേന തെരച്ചില്‍ തുടങ്ങി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ശിവ വിക്രമിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ജില്ലയുടെ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരീക്ഷണം ശക്തമാക്കി.

മാവോവാദി സാന്നിധ്യം പതിവായുള്ള കേളകം, ആറളം പൊലീസ് സ്റ്റേഷനുകളില്‍ ജില്ലാ പൊലീസ് മേധാവി ഇന്നലെ അര്‍ദ്ധരാത്രിയോടെ നേരിട്ടെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാവോവാദികളുടെ സ്ഥിരീകരിക്കപ്പെട്ട സഞ്ചാര പാതകള്‍ ഉള്‍പ്പെടെ തണ്ടര്‍ബോള്‍ട്ട് സേന നിരീക്ഷണം ആരംഭിച്ചു.

മുമ്പ് മാവോവാദികള്‍ എത്തിയ കോളനികളിലും നിരീക്ഷണം ഉണ്ട്. മാവോവാദികള്‍ എത്താറുള്ള വനഭാഗങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സേന തിരച്ചില്‍ നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോവാദികള്‍ നേരിട്ട് പൊലീസുമായി ഏറ്റ് മുട്ടലുണ്ടായതില്‍ അതീവ ഗൗരമായി കണ്ടാണ് പോലീസ് നീക്കം. വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും തികഞ്ഞ ജാഗ്രതയിലാണ്.