ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യുദ്ധം ഒഴിവാക്കിയെന്ന് ഇമ്രാന്‍ ഖാന്‍

single-img
7 March 2019

കൃത്യ സമയത്തെ ഇടപെടലിലൂടെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം ഒഴിവാക്കാന്‍ കഴിഞ്ഞെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബുധനാഴ്ച പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഇങ്ങനെ പറഞ്ഞത്. ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ച തീരുമാനത്തെക്കുറിച്ച് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും വിശദീകരിക്കുകയുണ്ടായി. വിശാല താത്പര്യം മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ വിട്ടയച്ചത്. അതിലൂടെ സംഘര്‍ഷത്തിന് അയവ് വരുത്താനും വ്യക്തതയും കൃത്യതയുമുള്ള സന്ദേശം നല്‍കാനും കഴിഞ്ഞെന്ന് ഖുറേഷി പറഞ്ഞു.

പുല്‍വാമയില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘനയായ ജെയ്ഷ്ഇമുഹമ്മദ് ഏറ്റെടുത്തിരുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാകോട്ടിലെ ജെയ്ഷ്ഇമുഹമ്മദ് കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു.
സംഘര്‍ഷം തുടരുന്നതിനിടയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു.

അട്ടാരിവാഗാ അതിര്‍ത്തിയില്‍ കര്‍തര്‍പുര്‍ ഇടനാഴിയെ സംബന്ധിച്ച് ഈ മാസം 14ന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം മാര്‍ച്ച് 28ന് ഇസ്ലാമാബാദിലെത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.