മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു; തുറന്നടിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

single-img
7 March 2019

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ട പത്രത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്ന അറ്റോണി ജനറലിന്റെ പ്രസ്താവനയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്ത്. എ.ജിയുടെ പ്രസ്താവന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയുള്ളതാണ്. രേഖകള്‍ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം ആക്ഷേപാര്‍ഹമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ വാദങ്ങള്‍. മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

റഫാല്‍ ഇടപാടില്‍ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റഫാല്‍ വിധി പുനപരിശോധിക്കരുതെന്നും എജി ആവശ്യപ്പെട്ടു. രേഖകള്‍ മോഷ്ടിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു. രേഖകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കും ഇതുപയോഗിച്ച അഭിഭാഷകര്‍ക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന് പിന്നീട് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു.

എന്നാല്‍ എജിയുടെ പരാമര്‍ശം ഭീഷണിക്ക് തുല്യമാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ്. റഫാല്‍ ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം ഹനിക്കുന്നതാണ് എജിയുടെ പരാമര്‍ശമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി. ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവര്‍ത്തകരോട് അവരുടെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.