ബാലന്‍ വക്കീല്‍ വിജയിച്ച സ്ഥിതിക്ക് ഇതുപോലെയുള്ള തമാശ പടങ്ങള്‍ പ്രതീക്ഷിക്കാം: ബി.ഉണ്ണിക്കൃഷ്ണന്‍

single-img
7 March 2019

ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ദിലീപ് വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പുറത്തിറങ്ങി മൂന്നാം വാരത്തിലും ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഹ്യൂമര്‍ സ്വഭാവമുള്ള ത്രില്ലര്‍ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തത് ഭാവിയിലും ഇത്തരം സിനിമകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമാകുമെന്ന് സംവിധായകനായ ബി.ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

ബാലന്‍ വക്കീല്‍ സമം ദിലീപ് എന്നല്ലാതെ മറ്റൊരു നടന്റെ പേര് ഇന്നത്തെ സാഹചര്യത്തില്‍ മലയാളത്തില്‍ നമുക്ക് ആലോചിക്കാന്‍ പറ്റില്ലെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. മറ്റുള്ളവരെക്കൊണ്ട് കൂടുതല്‍ തമാശ പറയിക്കുകയും ദിലീപിനെ കൂടെ നിര്‍ത്തുകയുമാണ് ഈ സിനിമയില്‍ ഞാന്‍ ചെയ്തത്.

ഹ്യൂമര്‍, ത്രില്ലര്‍, ഇമോഷന്‍ ഇതെല്ലാം നിറഞ്ഞ ഒരു പാക്കേജാണ് ഈ സിനിമ. എനിക്ക് വളരെ ഇഷ്ടമാണ് തമാശ പറയുന്നതും കേള്‍ക്കുന്നതും. അത്യാവശ്യം നന്നായിട്ട് ഞാന്‍ എന്റെ ചുറ്റുപാടും ഉള്ളവരെ അനുകരിക്കാറുണ്ട്. ഇതങ്ങനെ ഒന്നു ടെസ്റ്റ് ചെയ്ത സിനിമയാണ്. ഇത് വിജയിച്ച സ്ഥിതിക്ക് ഇനി ഇതുപോലെയുള്ള തമാശ പടങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഉണ്ണിക്കൃഷ്ണന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ 2013ലെ കരാറിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ നായകനാക്കിയതെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ദിലീപുമായുള്ളത് പ്രൊഫഷണല്‍ ബന്ധമാണ് എന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ദിലീപിനെ പുറത്താക്കണം എന്ന് ആദ്യം നിലപാടെടുത്തത് താനാണ്. ആ തീരുമാനം ഇപ്പോള്‍ പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.