ഉമ്മൻ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്ന്‌ മാറ്റണം; രാജ്യദ്രോഹത്തിന് ജയിലിലടക്കണം; വിവാദ പരാമർശങ്ങളുമായി എ എന്‍ രാധാകൃഷ്ണന്‍

single-img
7 March 2019

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരളാ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിലടക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി പാകിസ്താൻ പ്രധാനമന്ത്രിയുടേയും ആ രാജ്യത്തിന്റെ പട്ടാളത്തിന്റെയും മെഗാഫോണായി. പാകിസ്താൻ പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം? ഉമ്മന്‍ ചാണ്ടിക്കുള്ളത് തീവ്രവാദികളുടേയും പാകിസ്താന്റെയും ഭാഷയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ പിടിയിലകപ്പെട്ട ഇന്ത്യൻ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചകമായി മടക്കി അയക്കാന്‍ തീരുമാനിച്ച ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടി ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ബി ജെ പി നേതാവിന്റെ വര്‍ഗീയ പരാമർശം ഉണ്ടായിരിക്കുന്നത്.

രാജ്യദ്രോഹപരമായ ട്വീറ്റാണ് വിഷയത്തിൽ ഉമ്മന്‍ ചാണ്ടി നടത്തിയതെന്ന് എ എൻ രാധാകൃഷ്ണന്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കിമാറ്റണം. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനെ ഉമ്മന്‍ ചാണ്ടി കടത്തിവെട്ടി. രാജ്യത്തെ മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ലക്ഷ്യമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഉമ്മൻചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബി ജെ പി പരിഗണിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.