കൊതുകു കടിച്ച് ഉറക്കം പോയി, ഞാന്‍ ഹിറ്റ് ഉപയോഗിച്ചു; അതിനുശേഷം എത്ര കൊതുകുകളെ കൊന്നുവെന്ന് എണ്ണുകയാണോ അതോ കിടന്നുറങ്ങുകയാണോ വേണ്ടത്?: പരിഹാസവുമായി വി.കെ സിങ്

single-img
6 March 2019

പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ അവ്യക്തത തുടരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച വിരുദ്ധാഭിപ്രായങ്ങളുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി.

വിദേശകാര്യ സെക്രട്ടറി ആദ്യദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. കണക്ക് പുറത്തുവിടില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യോമസേന കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാറില്ലെന്നും അതു വെളിപ്പെടുത്തേണ്ടത് സര്‍ക്കാരാണെന്നും വ്യോമസേനാ മേധാവി ബി.എസ്. ധനോവ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇതിന്റെ വിശദീകരണമെന്നനിലയിലാണ് സര്‍ക്കാര്‍ കണക്കുനല്‍കില്ലെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, കണക്ക് ഇന്നോ നാളെയോ പുറത്തുവരുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അസമില്‍ നടന്ന പൊതുയോഗത്തില്‍ വ്യക്തമാക്കി. അസമിലെ പ്രസംഗത്തില്‍ 300 പേര്‍ മരിച്ചുവെന്ന സൂചനയാണ് ആഭ്യന്തരമന്ത്രി നല്‍കിയത്.

ഇതിനിടെയാണ് പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.കെ സിങ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ന് നിരവധി കൊതുകുകള്‍ കടിച്ച് ഉറക്കം കളഞ്ഞു. അതുകൊണ്ട് ഞാന്‍ ഹിറ്റ് (കൊതുക്‌നാശിനി) ഉപയോഗിച്ചു. അതിനുശേഷം ഞാന്‍ എത്ര കൊതുകുകളെ കൊന്നുവെന്ന് എണ്ണുകയാണോ അതോ കിടന്നുറങ്ങുകയാണോ വേണ്ടത്? മുന്‍ കരസേനാ മേധാവി കൂടിയായ വി.കെ സിങ് ട്വീറ്റ് ചെയ്തു.