ഭീകരരുടെ മൃതശരീരങ്ങൾ ഞങ്ങൾക്ക് ടെലിവിഷനിൽ എങ്കിലും കാണണം; ഇന്ത്യൻ വ്യോമസേന വധിച്ച ഭീകരരുടെ തെളിവ് ആവശ്യപ്പെട്ട് പുൽവാമയിൽ മരിച്ച ധീരസൈനികരുടെ കുടുംബങ്ങൾ

single-img
6 March 2019

ന്യൂഡൽഹി: കാശ്മീരിലെ പുൽവാമയിലെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബാലാകോട്ട് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ ഇന്ത്യൻ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീരസൈനികരുടെ കുടുംബങ്ങൾ. ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ കണ്ടില്ലെന്ന് കിഴക്കൻ ഉത്തർ പ്രദേശിലെ ഷംലി എന്ന പ്രദേശത്തുനിന്നുള്ള സിആർപിഎഫ് ജവാൻ പ്രദീപ് കുമാറിന്‍റെ അമ്മ സുലേലത പറഞ്ഞു.

“ഞങ്ങൾ തൃപ്തരല്ല. ഞങ്ങളുടെ ഒരുപാട് മക്കൾ മരിച്ചുപോയി. അതേസമയം അപ്പുറത്ത് മരിച്ച ഒരാളെയും ഞങ്ങൾ കണ്ടില്ല. അത് ഉറപ്പിക്കുന്ന ഒരു വാർത്ത പോലുമില്ല. ഭീകരരുടെ മൃതശരീരങ്ങൾ ഞങ്ങൾക്ക് ടെലിവിഷനിൽ എങ്കിലും കാണണം.” എൺപതുകാരിയായ സുലേലത പറയുന്നു.

അതേപോലെ തന്നെ മെയിൻപൂരി സ്വദേശിയായ സിആർപിഎഫ് ജവാൻ രാം വക്കീലിന്‍റെ സഹോദരി രാം രക്ഷയും ബാലാകോട്ട് ആക്രമണത്തിൽ തീവ്രവാദികളെ വകവരുത്തി എന്നതിന് തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തി. “പുൽവാമ ആക്രമണത്തിൽ നമ്മുടെ ജവാൻമാരുടെ വേർപെട്ടു കിടക്കുന്ന കൈയും കാലുമെല്ലാം നമ്മൾ കണ്ടു. എന്നാൽ അപ്പുറത്ത് എന്താണ് ഉണ്ടായത് എന്നതിന് ഒരു തെളിവുമില്ല. അവർക്ക് ഒരു തകരാറും പറ്റിയിട്ടില്ലെന്നാണ് പാകിസ്താൻ പറയുന്നത്. ആക്രമിച്ചു എന്നുറപ്പാണ്, എന്നാൽ എവിടെയാണ് ആക്രമണം നടന്നത്? തെളിവില്ലാത്തിടത്തോളം അതെങ്ങനെ അംഗീകരിക്കാനാകും?” രാം രക്ഷ ചോദിക്കുന്നു.