കൊല്ലപ്പെട്ടവരുടെ എണ്ണം അറിയണമെങ്കില്‍ പാക്കിസ്ഥാനില്‍ പോകണം; കോണ്‍ഗ്രസിനോട് രാജ്‌നാഥ് സിങ്

single-img
6 March 2019

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ അവ്യക്തത തുടരുന്നു. കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നും, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നുമായിരുന്നു വ്യോമസേനയുടെ പ്രതികരണം.

കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും പറഞ്ഞിരുന്നു. എന്നാല്‍ ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത് ഷായുടെ പ്രസ്താവന.

എന്നാല്‍ ബാലാക്കോട്ട് ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് പാക്കിസ്ഥാനില്‍ നേരിട്ട് പോയി മൃതദേഹങ്ങളുടെ കണക്കെടുക്കണമെന്ന് രാജ്‌നാഥ് സിങ് പരിഹസിച്ചു.

”കൊല്ലപ്പെട്ടവരുടെ എണ്ണം അറിയണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പാക്കിസ്ഥാനില്‍ പോകാവുന്നതാണ്. അവിടെ പോയി മൃതദേഹങ്ങളുടെ കണക്കെടുക്കാം. വ്യോമസേന എത്ര ഭീകരരെ വധിച്ചുവെന്ന് അവിടെയുള്ള ആളുകളോട് നേരിട്ട് ചോദിക്കുകയുമാവാം.” രാജ്‌നാഥ് സിങ് പറഞ്ഞു.