മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സുപ്രീംകോടതി: റഫാല്‍ കേസില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ രാജ്യസുരക്ഷയുടെ പേരില്‍ മൂടിവെക്കുമോ?

single-img
6 March 2019

റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ മോഷ്ടിച്ച പ്രതിരോധ രേഖകളാണ് ഹാജരാക്കിയതെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിലപാട് തളളിയാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പരാമര്‍ശം.

പുനപരിശോധന ഹര്‍ജിയില്‍ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി രേഖകള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന എ.ജി വാദത്തിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.

റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകളാണെന്നും ഇവ പുറത്തു വിടുന്നത് രാജ്യസുരക്ഷയെ തന്നെബാധിക്കുന്ന വിഷയമാണെന്നും കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരേയും രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എജിയുടെ ഈ വാദത്തെ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെഎം ജോസഫ് ചോദ്യം ചെയ്തതോടെ രൂക്ഷമായ വാക്കേറ്റമാണ് കോടതിയില്‍ നടന്നത്.

അഴിമതി പോലെ ഗുരുതര കുറ്റം നടന്നെന്നു കരുതുക. അപ്പോള്‍ രാജ്യ സുരക്ഷയുടെ മറവില്‍ അതിനെ മൂടിവയ്ക്കുമോയെന്നു ജസ്റ്റിസ് കെഎം ജോസഫ് ചോദിച്ചു. മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെങ്കില്‍ പരിഗണിക്കാമെന്ന് കോടതി നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. പുനപരിശോധന ഹര്‍ജിയില്‍ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നതെയില്ലെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പുതിയ രേഖകള്‍ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആദ്യം വ്യക്തമാക്കിയത്. പഴയ രേഖകളുടെ അടിസ്ഥാനത്തില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

ചില ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തോടെ മോഷ്ടിക്കപ്പെട്ട രേഖകളാണ് ദ് ഹിന്ദു ദിനപത്രത്തില്‍ വന്നതെന്നാണ് എജി കെ കെ വേണുഗോപാല്‍ വാദിച്ചത്. മോഷ്ടിക്കപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച ദിനപത്രം ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റമാണ് ചെയ്തത്. ദ് ഹിന്ദുവിനെതിരെ കേസെടുക്കണം. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തില്‍ വന്നത്. ഇതും കുറ്റകരമാണ് – കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.