ഹിന്ദു വിരുദ്ധ പരാമർശം; പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയെ പുറത്താക്കി

single-img
6 March 2019

ഹിന്ദുവിരുദ്ധ പരാമർശത്തിന്‍റെ പേരിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി ഫയ്യാസുല്‍ ഹസൻ ചൗഹാനെ പുറത്താക്കി. പഞ്ചാബ് സർക്കാരിലെ സംസാരിക വകുപ്പ് മന്ത്രിയായിരുന്നു ഫയ്യാസുല്‍ ഹസൻ ചൗഹാൻ.

കഴിഞ്ഞ മാസമാണ് വിവാദത്തിനു ആസ്പദമായ സംഭവം നടന്നത് . ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന് ഫയ്യാസുല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാക്കിസ്ഥാനിൽ ഉയർന്നത്.

ഇതേ തുടർന്ന് മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറഞ്ഞു എങ്കിലും വിവാദം അവസാനിച്ചിരുന്നില്ല. ഇതേ തുടർന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഫയ്യാസുല്‍ ഹസൻ ചൗഹാനെ പുറത്താക്കിയത്. ഇമ്രാന്‍ ഖാന്റെ പാർട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവാണ് ഫയ്യാസുല്‍ ഹസൻ ചൗഹാൻ.

നേരത്തെ ഫയ്യാസുലിനെതിരെ നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്‍റെ രാഷ്ട്രീയകാര്യ വിഷയങ്ങള്‍ കെെകാര്യം ചെയ്യുന്ന സ്പെഷ്യല്‍ അസിസ്റ്റന്‍റ് നയീമുള്‍ ഹഖും ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ വച്ചുപൊറുപ്പിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ന്യുനപക്ഷങ്ങള്‍ക്കെതിരായ ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു പാകിസ്ഥാനിലെ മനുഷ്യവകാശ വകുപ്പ് മന്ത്രി ഷെറെന്‍ മസാരി ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.