തെളിവ് ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ ?; മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും

single-img
6 March 2019

പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ അവ്യക്തത തുടരുന്നതിനിടെ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും രംഗത്ത്. ഉത്തര്‍പ്രദേശിലെ ശ്യാമിലി സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശി രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് വ്യോമാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ടത്.

ബാലാകോട്ടില്‍ 35 പേര്‍ മരിച്ചതായി സൂചനയുണ്ടെന്നാണ് പേരുവെളിപ്പെടുത്താതെ ഔദ്യോഗികവൃത്തങ്ങള്‍ ആദ്യം അറിയിച്ചത്. എന്നാല്‍, ആളില്ലാത്ത സ്ഥലത്തെ പൈന്‍ മരങ്ങളിലാണ് ഇന്ത്യ ബോംബിട്ടതെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. പാശ്ചാത്യമാധ്യമങ്ങളും ഇതിനെ ന്യായീകരിക്കുന്നരീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ മരണസംഖ്യ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ, 250 പേര്‍ മരിച്ചതായി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ തിങ്കളാഴ്ച പ്രസംഗിച്ചു. ഇതോടെയാണ് വിവാദം ഉടലെടുത്തത്.

പുല്‍വാമയില്‍ കാണാന്‍ കഴിഞ്ഞതുപോലെ തെളിവുകള്‍ അപ്പുറത്തും നമ്മള്‍ ആഗ്രഹിക്കുകയാണ്. ആക്രമണം നടന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ എവിടെയാണ് ഇത് നടന്നത്. ഇതിന് കൃത്യമായ തെളിവ് ആവശ്യമാണ്. തെളിവില്ലാതെ എങ്ങനെ ഇത് അംഗീകരിക്കും?. പാക്കിസ്ഥാന്‍ പറയുന്നു തങ്ങളുടെ ഭാഗത്ത് നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന്. അപ്പോള്‍ തെളിവില്ലാതെ എങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് രാം വകീലിന്റെ സഹോദരി രാം രക്ഷ ചോദിച്ചു. തെളിവ് കാണിച്ചാല്‍ മാത്രമേ സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്തു എന്ന് സമാധാനിക്കാന്‍ സാധിക്കുയെന്നും രാം രക്ഷ പറഞ്ഞു.

ഇന്ത്യന്‍ വ്യോമാക്രമണത്തിനു തെളിവ് നല്‍കണമെന്ന് പ്രദീപ് കുമാറിന്റെ് അമ്മയും ആവശ്യപ്പെട്ടു. തങ്ങള്‍ ഒട്ടും തൃപ്തരല്ല. ഒരുപാട് മക്കള്‍ മരിച്ചു. എന്നാല്‍ മറുഭാഗത്ത് ഒരാള്‍പോലും മരിച്ചതോ അവരുടെ മൃതദേഹമോ കാണാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തപോലും ഇല്ല. ഞങ്ങള്‍ക്ക് ഇത് ടിവിയില്‍ കാണണം. ഞങ്ങള്‍ക്ക് ഭീകരരുടെ മൃതദേഹങ്ങള്‍ കാണണമെന്നും പ്രദീപ് കുമാറിന്റെ അമ്മ എണ്‍പതുവയസുകാരിയായ ശുലീലത ആവശ്യപ്പെട്ടു.