‘രാഹുലിനേയും സോണിയ ഗാന്ധിയേയും ഉന്നംവെച്ചു; പക്ഷെ മോദി കൂടുതല്‍ പരിഹാസ്യനായി’

single-img
6 March 2019

ഡിസ്‌ലെക്‌സിയ രോഗികളെ പരിഹസിച്ച പ്രധാനമന്ത്രി അവരോടു മാപ്പു പറയണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസ്ലെക്‌സിയ എന്ന അവസ്ഥയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടേ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധിക്ഷേപിക്കുന്ന ഒരു വീഡിയോ ക്ലിപ്പാണ് ഈ പഠനവൈകല്യത്തെക്കുറിച്ചുള്ള സൈബര്‍ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിച്ചത്.

ഈ വൈകല്യം നേരിടുന്ന കുഞ്ഞുങ്ങളോട് മോദി മാപ്പു പറയണം എന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യമുന്നയിക്കുന്നുമുണ്ട്. ഇപ്പോള്‍ ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. നാണംകെട്ടതും വിഷമകരവുമെന്നാണ് മോദിയുടെ പരാമര്‍ശത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചത്. ‘വളരെ കൂടിപ്പോയി, ഇനി മതിയാക്കൂ. ഇതാണോ മോദിയുടെ സംസ്‌കാരം’ എന്നും സീതാറാം യെച്ചൂരി ചോദിച്ചു.

ശനിയാഴ്ച ഗോരഖ്പുര്‍ ഐഐടിയില്‍ നടന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2019ന്റെ ഗ്രാന്റ്ഫിനാലെക്കിടെയാണ് സംഭവം. ഡിസ്ലെക്‌സിയ ബാധിച്ച് എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയോട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. എന്നാല്‍ ആ വിഷയത്തെ ആത്മാര്‍ഥമായി അഭിസംബോധന ചെയ്ത് വിദ്യാര്‍ഥി സംസാരിക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കല്‍.

‘വളരെയധികം ബുദ്ധിസാമര്‍ഥ്യവും സര്‍ഗ്ഗാത്മകതയും ഉള്ള കുട്ടികളാണ് ഡിസ്ലെക്‌സിയ ബാധിച്ചവര്‍. പക്ഷെ വേഗതയോടെ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നവരാണവര്‍. ഞങ്ങളുടെ പക്കല്‍ ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളെ സഹായിക്കാനായി ഒരു പദ്ധതിയുണ്ട്’, താരെ സമീന്‍ പര്‍ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് ഡിസ്ലെക്‌സിയയെ കുറിച്ചുള്ളവളരെ ഗൗരവമേറിയ ചര്‍ച്ചയ്ക്കും അതുവഴി ഒരു പരിഹരത്തിനും മുതിരുകയായിരുന്നു വിദ്യാര്‍ഥി.

എന്നാല്‍ ’40നും 50നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഈ പദ്ധതിപ്രാവര്‍ത്തികമാകുമോ’ എന്നാണ് വിദ്യാര്‍ഥിനിയുടെ സംസാരത്തെ തടസ്സപ്പെടുത്തി കൊണ്ട് മോദി ചോദിച്ചത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ സദസ്സിലെ ചിലര്‍ ചിരിച്ചെങ്കിലും സംയമനം കൈവിടാതെ ‘അതെ’ എന്ന മറുപടി പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥിനി നല്‍കി.

എന്നാല്‍ അപക്വമായ വര്‍ത്തമാനങ്ങള്‍ പിന്നെയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ‘അത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ആ പ്രായക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് സന്തോഷമാകും’ എന്ന് മോദി വീണ്ടും പരിഹാസവര്‍ഷം ചൊരിഞ്ഞു.

പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ആരെ ഉദ്ദേശിച്ചാണ് മോദി ഇത് പറഞ്ഞതെന്നും കുട്ടികള്‍ക്ക് പോലും മനസ്സിലാക്കാവുന്നതേയുള്ളൂ. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുലിനെതിരെയും അമ്മ സോണിയക്കെതിരേയും ഉതിര്‍ത്ത പരിഹാസ അമ്പ് പക്ഷെ ലോകത്തിനു മുന്നില്‍ മോദിയെ കൂടുതല്‍ പരിഹസ്യനാക്കുകയായിരുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേകതരം പഠനത്തകരാറാണ് ഡിസ്‌ലെക്‌സിയ. ഈ രോഗമുള്ളവര്‍ക്ക് വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിരിക്കും. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ടോം ക്രൂസ്, അഭിഷേക് ബച്ചന്‍ തുടങ്ങിയ പ്രമുഖര്‍ ഡിസ്‌ലെക്‌സിയ (dyslexia) എന്ന ശാരീരികഅവസ്ഥയെ നേരിട്ട് ജീവിതവിജയം കൈവരിച്ചവരാണ്. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന അനേകര്‍ക്കും അവരുടെ കുടുംബത്തിനും പ്രചോദനമാണ് ഇവരൊക്കെ.

2015 ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 35 മില്യന്‍ കുട്ടികള്‍ക്ക് ഡിസ്‌ലെക്‌സിയയുണ്ട്. എന്നാല്‍ ഈ രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം പലരും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ കണക്കിലുമേറെയാണ് ഈ രോഗമുള്ള കുട്ടികള്‍. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഈ രോഗത്തെക്കുറിച്ച് ഇപ്പോള്‍ കുറച്ചൊക്കെ അവബോധം ഉണ്ടെങ്കിലും ഗ്രാമങ്ങളിലും ഉള്‍നാടുകളിലും ഈ രോഗത്തെ പലരും തിരിച്ചറിയുന്നില്ല. നമ്മുടെ നാട്ടിലെ പല സ്‌കൂളുകളിലും ഡിസ്‌ലെക്‌സിയയുള്ള കുട്ടികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സാഹചര്യമില്ല എന്നതാണ് സത്യം