വാട്‌സാപ് വിവാദം തൃശൂരില്‍ ഒരു വിഷയമല്ലെന്ന് കാനം രാജേന്ദ്രന്‍; പാര്‍ട്ടി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്

single-img
6 March 2019

വാട്‌സാപ് വിവാദം തൃശൂരില്‍ ഒരു വിഷയമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.പി രാജേന്ദനും സി.എന്‍.ജയദേവനും തമ്മില്‍ പ്രശ്‌നം പരിഹരിച്ചതാണ്. പാര്‍ട്ടി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.
സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടാമനായ കെ.പി രാജേന്ദ്രനെയും മറികടന്ന് രാജാജി മാത്യു തോമസിനെ പരിഗണിച്ചിരുന്നു. ഈ പരിഗണനക്ക് കാരണം പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.

പ്രളയകാലത്ത് സിഎന്‍ ജയദേവന്‍ എംപി സജീവമായി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു കെ പി രാജേന്ദ്രന്റെ കുടുംബത്തില്‍ നിന്ന് വാട്‌സാപ്പ് പ്രചാരണം ഉണ്ടായത്. തനിക്കെതിരെ കെപി രാജേന്ദ്രന്റെ കുടുംബത്തില്‍ നിന്നും പ്രചാരണം ഉണ്ടായത് ദുഃഖിപ്പിച്ചെന്നു സിഎന്‍ ജയദേവന്‍ എംപി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സി എന്‍ ജയദേവന്‍ മത്സരിക്കുന്നില്ലെങ്കില്‍ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ കെ പി രാജേന്ദ്രന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സമിതിയില്‍ കെ പി രാജേന്ദ്രന് പകരം രാജാജിയുടെ പേര് ജയദേവനാണ് നിര്‍ദേശിച്ചത്.

തൃശ്ശൂരില്‍ തന്നെക്കാളും കെ പി രാജേന്ദ്രനെക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് രാജാജി മാത്യു തോമസ് എന്നും സി എന്‍ ജയദേവന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പായതോടെ പ്രചാരണത്തില്‍ സജീവമാവുകയാണ് രാജാജി മാത്യു തോമസ്. സമൂഹ മാധ്യമങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കി. ബൂത്ത് തല പ്രവര്‍ത്തനത്തിലാണ് രാജാജി മാത്യു തോമസ് ഇപ്പോള്‍.