ഏത് ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി

single-img
6 March 2019

ഏത് ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. നോട്ടീസ് ഹര്‍ത്താലില്‍ അക്രമം നടത്താനുളള അനുമതിയല്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് അറിയില്ലായിരുന്നുവെന്ന ഡീന്‍ കുര്യാക്കോസിന്റെയും കാസര്‍കോട് ജില്ലാ യു.ഡി.എഫ് നേതാക്കളുടെയും വാദം കോടതി തളളി.

ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതിഷേധിക്കുന്നതിന് ജനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ഓര്‍മിപ്പിച്ചു. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് അക്രമത്തിനുള്ള ലൈസന്‍സ് അല്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ത്താലിനെതിരായ ഉത്തരവിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു നേതാക്കളുടെ വാദം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച ഹൈക്കോടതി ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും ഉത്തരവിട്ടു. കേസില്‍ നേതാക്കള്‍ നേരിട്ട് ഹാജരാകേണ്ടെന്നും കോടതി ഉത്തരവിട്ടു.