വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ സ്യൂട്ട്‌കേസിനുള്ളില്‍ യുവ ദന്ത ഡോക്ടറുടെ മൃതദേഹം

single-img
6 March 2019

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌കേസിനുള്ളിലാണ് മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയുടെ ശരീരത്തില്‍ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്.

സിഡ്‌നിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സിബിഡിയിലുള്ള മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഹോട്ടലില്‍ പ്രീതിയും മുന്‍ കാമുകനും ഞായറാഴ്ച തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ റോഡ് അപകടത്തില്‍ മരിച്ചതായും കണ്ടെത്തി. മനപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നെന്നാണ് പോലീസ് നിഗമനം.

ചൊവ്വാഴ്ച കിംഗ്‌സ്‌ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്‌നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.