ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം

single-img
5 March 2019

ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കി വരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ഇന്ത്യക്ക് പുറമെ തുര്‍ക്കിക്കുള്ള മുന്‍ഗണനയും യുഎസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2017ല്‍ ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കുസേവന വ്യാപാര കമ്മി 27.3 ബില്യന്‍ ഡോളറായിരുന്നു.

‘ഞാന്‍ ഈ നടപടികള്‍ കൈക്കൊള്ളുന്നത് അമേരിക്കയും ഇന്ത്യന്‍ സര്‍ക്കാറും തമ്മിലുള്ള കഠിനമായ വ്യാപാര സംഘട്ടനങ്ങള്‍ക്ക് ശേഷമാണ്. ഇന്ത്യന്‍ വിപണിയില്‍ അമേരിക്കക്ക് ന്യായമായതും യുക്തിസഹവുമായ അവസരങ്ങള്‍ ലഭ്യമാക്കുന്നത് ഉറപ്പ് നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചില്ല’; ട്രംപ് യുഎസ് പ്രതിനിധിസഭാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പദ്ധതിയില്‍ നിന്ന് ഇന്ത്യയെ നീക്കം ചെയ്തതായി യുഎസ് ട്രേഡ് തലവന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. അറുപത് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്പിപരിപാടിയുടെ ഗുണഭോക്താവ് ഇന്ത്യയായിരുന്നു. അധികാരമേറ്റത് മുതല്‍ ഇന്ത്യക്കുള്ള ഈ പദവി അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.