വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവം; വർഷാവർഷം റിക്രൂട്ട് ചെയ്യുന്നത് അഞ്ഞൂറിന് പുറത്തു കുട്ടികളെ

single-img
5 March 2019

പുൽവാമ തീവ്രവാദി ആക്രമണത്തിന് ഉത്തരവാദികളായ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാക് അധിനിവേശ കശ്മീരിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന പാക്കിസ്ഥാനിലുമായാണ് തീവ്രവാദി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ചിലത് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവിടെ പ്രവര്‍ത്തിക്കുന്നത് കൂടുതലും അഫ്ഗാനിസ്ഥാനിലേക്കുള്ള തീവ്രവാദി പരിശീലന ക്യാമ്പുകളാണ്.

ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ മുഖ്യ കേന്ദ്രം പാക്ക് അധിനിവേശ കശ്മീരാണ്. 11 ക്യാമ്പുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിലൊന്നിലാണ് ഉറി തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യ സർജിക്കൽ സ്‌ട്രൈക് നടത്തിയത്. ഇതുകൂടാതെ പാക്കിസ്ഥാനിൽ നാലുമുതൽ ആറു ക്യാമ്പുകൾ വരെ ഉണ്ട് എന്നാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് പ്രധാനമായും റിക്രൂറ്റിങ് സെന്ററുകൾ ആയി ആണ് പ്രവർത്തിക്കുന്നത്. ഇവിടെ വരുന്ന കുട്ടികളെ തീവ്രവാദം കുത്തിവെച്ച് പാക്ക് അധിനിവേശ കശ്മീരിലെ ക്യാമ്പുകളിൽ എത്തിച്ചു ആയുധ പരിശീലനം നൽകി കാശ്മീരിലേക്ക് അയക്കുന്നതാണ് തീവ്രവാദി സംഘങ്ങളുടെ രീതി.

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ല്‍ ഈ ക്യാമ്പുകളിലേക്ക് 560 തീവ്രവാദികളെ റിക്രൂട്ട് ചെയ്തുവെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്. കമാന്‍ഡോ ഓപ്പറേഷന്‍, നുഴഞ്ഞുകയറ്റം, വന്‍ സ്‌ഫോടനങ്ങള്‍, സ്‌നിപ്പര്‍ ആക്രമണം. ജലാന്തര്‍ ഭാഗത്തെ ആക്രമണം തുടങ്ങിയവയ്ക്ക് ഈ ക്യാമ്പുകളില്‍ പരിശീലനം നല്‍കി വരുന്നു.