‘വ്യോമസേന എണ്ണിയില്ല, പക്ഷേ ജനറല്‍ ഷാ എണ്ണിയിട്ടുണ്ട്’: ബലാക്കോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ദ ടെലഗ്രാഫ്

single-img
5 March 2019

ബലാക്കോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ വ്യോമസേന ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യക്തമാക്കിയത്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം പോലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നിരിക്കെയായിരുന്നു ഷായുടെ പരാമര്‍ശം.

ഇതിനെ പരിഹസിച്ചാണ് ടെലഗ്രാഫ് രംഗത്തെത്തിയത്. മൃതദേഹങ്ങള്‍ വേ്യാമസേന എണ്ണിയില്ലെന്നും പക്ഷേ ജനറല്‍ ഷാ എണ്ണിയിട്ടുണ്ടെന്നും പറഞ്ഞ ടെലഗ്രാഫ്, 1,2,3 എന്നിങ്ങനെ 250 വരെയുള്ള അക്കങ്ങളും തലക്കെട്ടിനോടൊപ്പം നല്‍കിയിട്ടുണ്ട്.

അതേസമയം ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ജനവാസമേഖല ഒഴിവാക്കി കൃത്യമായ ഒരു ലക്ഷ്യത്തിലാണ് ആക്രമണം നടന്നത്. ആക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാകും അമിത് ഷാ പ്രതികരിച്ചതെന്നും വി.കെ സിങ് പറഞ്ഞു.

കണക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആക്രമണം നടന്ന് 18 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ബിജെപി ഔദ്യോഗികമായി പറയുന്നത് അമിതാ ഷായിലൂടെയായിരുന്നു.