കേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യം ലാറിബേക്കറുടെ ആശയങ്ങൾ: മന്ത്രി ഇ. ചന്ദ്രശേഖരൻ

single-img
5 March 2019

പ്രളയാനന്തരകേരളത്തിന്റെ പുനർനിർമ്മാണത്തിൽ ലാറിബേക്കറുടെ ആശയങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് റവന്യൂ ഭവനനിർമ്മാണവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ലാറിബേക്കർ സ്മൃതി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തെ മുന്നിൽക്കണ്ട് നിർമ്മിതികൾ നടത്തിയ തീക്ഷ്ണശാലിയായിരുന്നു ലാറിബേക്കർ. കേരളത്തിന്റെ പ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതും സാധാരണ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കുന്നതുമായ വീടുകളാണ് അദ്ദേഹം രൂപകല്പന ചെയ്തത്.

കേരളത്തിൽ പ്രളയസാധ്യതയുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. പുനർനിർമ്മാണത്തിൽ നമുക്കുണ്ടാകേണ്ട പാഠം അദ്ദേഹം അന്നേ തയ്യാറാക്കിയിരുന്നു. 1970 കളിൽ കേരളം കണ്ട മഹത് വ്യക്തികളിൽ ഒരാളാണ് ലാറിബേക്കർ. അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങൾ അവലംബമാക്കി ഭവനസാക്ഷരത കേരള ജനതയ്ക്ക് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ആർകിടെക്ട് ഡോ. ജി.ശങ്കർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഡോ. മൃദുൽ ഈപ്പൻ, ബി. അബ്ദുൾ നാസർ, ഡോ. റൂബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

ലാറിബേക്കറുടെ ജ•-ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭവനനിർമ്മാണ വകുപ്പ്, സംസ്ഥാന നിർമ്മിതി കേന്ദ്രം, ലാറിബേക്കർ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലാറിബേക്കർ സ്മൃതി സംഘടിപ്പിച്ചത്.