കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലും ഒന്നിച്ചു മത്സരിക്കുമോയെന്ന് എംടി രമേശ്; നീക്കുപോക്ക് ബംഗാളില്‍ മാത്രമെന്ന് ചെന്നിത്തല

single-img
5 March 2019

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ കേരളത്തിലും ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്ന് ബിജെപി നേതാവ് എം ടി രമേശ്. ബംഗാളിലും കേരളത്തിലും ഇവര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. സിപിഎം കോണ്‍ഗ്രസ് ധാരണയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചത് പോലെ പെരിയ ഇരട്ടക്കൊലപാതക കേസും അട്ടിമറിക്കപ്പെടുമെന്നും എംടി രമേശ് പറഞ്ഞു.

എന്നാല്‍ ബംഗാളിലെ നീക്കുപോക്ക് അവിടുത്തെ മാത്രം കാര്യമാണെന്നും അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സിപിഎം തന്നെയാണ് കോണ്‍ഗ്രസിന്റെ എതിരാളികളെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു

യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. അത് അവര്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.