ഇന്ത്യക്കെതിരെ F-16 ഉപയോഗിച്ചതിൽ വിശദീകരണം ചോദിച്ചെന്ന് അമേരിക്ക; ഇല്ലെന്നു പാക്കിസ്ഥാൻ

single-img
5 March 2019

ഇന്ത്യക്കെതിരെ F-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെതിരെ അന്വേഷണം നടത്തുമെന്ന് അമേരിക്കയുടെ പാക്കിസ്ഥാനിലെ എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയതിന് പിന്നാലെ വാർത്ത നിഷേധിച്ച് പാകിസ്ഥാൻ രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്കയുടെ പാകിസ്ഥാനിലെ എംബസി F-16 യുദ്ധവിമാനങ്ങളുടെ ഉപയോഗം കരാർലംഘനം ആണോ എന്ന കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിലൊരു അന്വേഷണം നടക്കുന്നില്ല എന്നാണ് പാകിസ്ഥാൻ പറയുന്നത്. അമേരിക്കയിലെ പാക്കിസ്ഥാൻ സ്ഥാനപതിയാണ് ഇത്തരത്തിലുള്ള യാതൊരു അന്വേഷണം നടക്കുന്നില്ല എന്ന് വ്യക്തമാക്കിയത്.

തീവ്രവാദികൾക്കെതിരെയും രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പ്രതിരോധിക്കാനുമാണ് അമേരിക്ക പാകിസ്ഥാന് F-16 യുദ്ധവിമാനങ്ങൾ നൽകിയത്. ഇത് ഒരു കാരണവശാലും മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ ഉപയോഗിക്കില്ല എന്നും പാകിസ്ഥാൻ അമേരിക്കയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ വ്യോമാതിർത്തി ലംഘിച്ച് ബോംബിട്ടത് F-16 വിമാനങ്ങൾ ഉപയോഗിച്ചാണ് എന്ന ഇന്ത്യൻ വ്യോമസേന തെളിവുകൾ സഹിതം പുറത്തു കൊണ്ടുവന്നിരുന്നു. കൂടാതെ മറ്റൊരു F-16 വിമാനത്തെ ഇന്ത്യ വെടിവെച്ചിടുകയും ചെയ്തിരുന്നു.

എന്നാൽ ഇത് രണ്ടും ഇതുവരെയും അംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായിട്ടില്ല. മാത്രമല്ല ഇന്ത്യ ഹാജരാക്കിയ AMRAAM മിസൈലിന്റെ അവശിഷ്ട്ടങ്ങൾ തങ്ങളുടെയല്ല എന്നും തായ്‌വാന്റെയാണ് എന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്. എന്നാൽ ഇതിനെതിരെ തായ്‌വാൻ രംഗത്തെത്തി.

ചൈനീസ് നിർമിത J-17 വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണു പാക്കിസ്ഥാൻ പറയുന്നത്. എന്നാൽ അത് ഇതുവരെയും ലോകരാഷ്ട്രങ്ങൾ വിശ്വസിച്ചിട്ടില്ല. ഇന്ത്യക്കെതിരെ F-16 വിമാനങ്ങൾ ഉപയോഗിച്ച് എന്ന് തെളിഞ്ഞാൽ ഉപരോധം അടക്കമുള്ള നടപടികൾ പാകിസ്ഥാൻ നേരിടേണ്ടിവരും എന്നുറപ്പാണ്.