കുമ്മനം ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെ: തുറന്നുപറഞ്ഞ് ഒ രാജഗോപാല്‍

single-img
5 March 2019

മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് അങ്കം കുറിക്കാന്‍ കുമ്മനം രാജശേഖരന്‍ വരുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിലെ പ്രധാന ചോദ്യം. ശശി തരൂരിനോടു കൊമ്പുകോര്‍ക്കാന്‍ കുമ്മനത്തിനേ പറ്റൂ എന്ന നിലപാടിലും വിശ്വാസത്തിലുമാണ് പ്രവര്‍ത്തകര്‍.

കുമ്മനത്തെ കേരളത്തിലേക്കു മടക്കിക്കൊണ്ടു വരണമെന്ന ഉറച്ച നിലപാട് ആര്‍എസ്എസ് നേതൃത്വം ബിജെപിയെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവര്‍ണര്‍ സ്ഥാനം തന്നെയാണ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അടക്കം ഏതാനും ബിജെപി നേതാക്കള്‍ സ്വന്തം നാട്ടിലേക്കു മടങ്ങി സജീവ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചുവരാനുള്ള താല്‍പര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് മടങ്ങാന്‍ അവസരം നല്‍കിയാല്‍ എല്ലാവരെയും പരിഗണിക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്.

തിരിച്ചുവരുന്നതിനോട് കുമ്മനത്തിനും അനുകൂല നിലപാടാണെന്നു പറയുന്നവരുണ്ട്. തിരുവനന്തപുരം സീറ്റിലേക്കു കണ്ണുവച്ചിരിക്കുന്ന ഒരുപിടി നേതാക്കള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലുണ്ട്. അവരാരും കുമ്മനത്തിനു വേണ്ടി വാദിക്കില്ല. അതിനാല്‍ ആര്‍എസ്എസ് നിലപാടാണു നിര്‍ണായകം.

ഇതിനിടെയാണ് കുമ്മനം രാജശേഖരന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്. താനും പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നു. കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

കുമ്മനം ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ല. അതിനാല്‍ തന്നെ അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഒ രാജഗോപാല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു